കുവൈറ്റ് സിറ്റി: രാജ്യത്തെ ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും നേരിട്ട് വിലയിരുത്തുന്നതിനായി കുവൈറ്റ് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് നാഷണൽ വാട്ടർ കൺട്രോൾ സെന്ററിൽ പരിശോധന നടത്തി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദൽ മുഹമ്മദ് അൽ സമേൽ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. കേന്ദ്രത്തിലെ പ്രവർത്തന പുരോഗതിയും ജലവിതരണ ശൃംഖലയുടെ തത്സമയ നിരീക്ഷണ സംവിധാനങ്ങളും അദ്ദേഹം സന്ദർശന വേളയിൽ നിരീക്ഷിച്ചു.
രാജ്യത്തെ ജല ശൃംഖലയുടെ നിലവിലെ സ്ഥിരതയെക്കുറിച്ചും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കിയിട്ടുള്ള മുൻകരുതൽ നടപടികളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. ഏത് പ്രതിസന്ധി ഘട്ടത്തിലും ജലവിതരണം തടസ്സമില്ലാതെ തുടരുന്നതിനായി ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. സാങ്കേതിക വിഭാഗം നടത്തുന്ന നിരീക്ഷണങ്ങൾ ജലസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ സവിശേഷ സാഹചര്യങ്ങളിൽ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയും കാര്യക്ഷമതയോടെയും ജോലി ചെയ്യുന്ന സ്വദേശി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഹിസ് ഹൈനസ് പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഉയർന്ന പ്രൊഫഷണലിസത്തോടെ ജലശൃംഖലയുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ അവരുടെ അർപ്പണബോധം പ്രശംസനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ ജീവനക്കാർ കാട്ടുന്ന ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


