കുവൈറ്റ്സിറ്റി: കുവൈറ്റിൽ വ്യാജ പൗരത്വ തട്ടിപ്പുകൾ കണ്ടെത്താനുള്ള കർശന പരിശോധനകൾ തുടരുന്നതിനിടെ, നാച്ചുറലൈസേഷൻ വഴി പൗരത്വം നേടിയ വ്യക്തി നടത്തിയ മറ്റൊരു വൻ ഫോർജറി കേസ് കൂടി നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തുകൊണ്ടുവന്നു. തന്റെ സ്വന്തം മക്കളെ പൗരത്വ ഫയലിൽ ചേർക്കുന്നതിന് പകരം, അയൽ ഗൾഫ് രാജ്യത്തെ പൗരനായ സ്വന്തം സഹോദരന്റെ രണ്ട് ആൺമക്കളെ തന്റെ മക്കളാണെന്ന് കാണിച്ച് വ്യാജമായി കുവൈറ്റ് പൗരത്വം എടുത്തു നൽകിയെന്നാണ് കണ്ടെത്തൽ. ഒടുവിൽ നടത്തിയ രഹസ്യ അന്വേഷണങ്ങൾക്കും ഡിഎൻഎ പരിശോധനകൾക്കും ശേഷമാണ് കുട്ടികളുടെ യഥാർത്ഥ പിതാവ് ഗൾഫ് പൗരനാണെന്ന സത്യം പുറത്തുവന്നത്.സാധാരണയായി, കുവൈറ്റ് പൗരത്വ നിയമം നിലവിൽ വരുന്നതിന് മുൻപ് രാജ്യത്തുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഇയാൾക്ക് നാച്ചുറലൈസേഷൻ വഴി കുവൈറ്റ് പൗരത്വം ലഭിച്ചത്. അതുകൊണ്ടുതന്നെ ഇയാളുടെ സഹോദരങ്ങൾക്ക് മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരത്വമുണ്ടായിരുന്നതിൽ അത്ഭുതമില്ലെന്നും ഈ കേസിൽ സഹോദരന് മറ്റൊരു ഗൾഫ് രാജ്യത്തെ പൗരത്വമാണുണ്ടായിരുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
1961-ൽ ജനിച്ച (Kh), 1962-ൽ ജനിച്ച (F) എന്നീ രണ്ട് അനന്തരവൻമാരെയാണ് ഇയാൾ സ്വന്തം മക്കളെന്ന രീതിയിൽ ഔദ്യോഗിക ഫയലിൽ ഉൾപ്പെടുത്തിയത്. നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച ഒരു ‘രഹസ്യ വിവരത്തിന്റെ’ അടിസ്ഥാനത്തിലാണ് ഈ കേസിന്റെ ചുരുളഴിയുന്നത്. നിലവിൽ കുവൈറ്റ് പൗരത്വമുള്ള (Kh), (F) എന്നിവർക്ക് മറ്റൊരു ഗൾഫ് പൗരത്വമുള്ള ഒരു സഹോദരിയുണ്ടെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്. ഇത് ഉദ്യോഗസ്ഥരിൽ കടുത്ത സംശയത്തിന് ഇടയാക്കുകയും തുടർന്ന് വിപുലമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.ലഭിച്ച വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം, ഈ ഗൾഫ് സ്വദേശിയായ യുവതി കുവൈറ്റിൽ നിന്നും യാത്ര ചെയ്യാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ (Kh)-ഉം (F)-ഉം തന്റെ സ്വന്തം സഹോദരങ്ങളാണെന്നും, മരണപ്പെട്ടുപോയ തങ്ങളുടെ യഥാർത്ഥ പിതാവിന് ഗൾഫ് പൗരത്വമായിരുന്നുവെന്നും യുവതി സമ്മതിച്ചു.
മാത്രമല്ല, തന്റെ രണ്ട് സഹോദരന്മാരും അവരുടെ സ്വന്തം ഗൾഫ് രാജ്യത്തെ രേഖകളിൽ യഥാർത്ഥ പിതാവിന്റെ പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, എന്നാൽ കുവൈറ്റിലെ രേഖകളിൽ തങ്ങളുടെ വലിയപ്പന്റെ (അതായത് അച്ഛന്റെ സഹോദരന്റെ) പേരാണ് പിതാവിന്റെ സ്ഥാനത്ത് ചേർത്തിട്ടുള്ളതെന്നും യുവതി വെളിപ്പെടുത്തി. ഈ കേസിൽ ഉൾപ്പെട്ടവർക്കെതിരെ പൗരത്വം റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.



