കുവൈറ്റ്സിറ്റി: കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ അതീവ ഉഷ്ണമേറിയതായിരിക്കുമെന്നും രാത്രികാലങ്ങളിൽ ചൂടും തീരദേശങ്ങളിൽ ഈർപ്പവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കടുത്ത ചൂടുള്ള വായുപ്രവാഹത്തോടൊപ്പം അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദ്ദവുമാണ് നിലവിലെ കഠിനമായ ചൂടിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.
വ്യാഴാഴ്ച ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും അത് വഴി പൊടിക്കാറ്റിനും സാധ്യതയുണ്ട്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് മാറുമെന്നും ഇതോടെ തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഗണ്യമായി വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പകൽ സമയം കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 20 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പരക്കെ പൊടിക്കാറ്റ് അനുഭവപ്പെടും.
വരും ദിവസങ്ങളിൽ പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയർന്നേക്കാം. അതിനാൽ കടലിൽ പോകുന്നവരും തീരദേശവാസികളും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



