കുവൈത്ത്: തൊഴിലുടമകൾ ജീവനക്കാർക്ക് നൽകുന്ന വായ്പയുടെ തിരിച്ചടവിനായി പ്രതിമാസ ശമ്പളത്തിൽ നിന്ന് പരമാവധി 10 ശതമാനം മാത്രമേ പിടിക്കാൻ പാടുള്ളൂവെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളത്തിൽ നിന്നുള്ള വായ്പാ തിരിച്ചടവിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ഒരു ജീവനക്കാരന് പ്രതിമാസം 300 ദിനാർ ശമ്പളമുണ്ടെങ്കിൽ, തൊഴിലുടമ നൽകിയ വായ്പയുടെ തിരിച്ചടവിനായി പരമാവധി 30 ദിനാർ മാത്രമേ ശമ്പളത്തിൽ നിന്ന് കുറയ്ക്കാൻ പാടുള്ളൂ.ഈ പരിധി തൊഴിലുടമ ജീവനക്കാരന് നൽകിയ വായ്പയുടെ തിരിച്ചടവിനാണ് ബാധകമാകുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള പൊതുവായ പരിധിയായി ഇതിനെ കണക്കാക്കരുത്.തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് നിയമവിരുദ്ധമായി തുക പിടിക്കുന്നത് തടയുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ വ്യവസ്ഥ.



