കുവൈറ്റ് സിറ്റി: പാകിസ്ഥാനിൽ നിന്നുള്ള ആട്ടിറച്ചി ജോർജിയൻ മാംസമെന്ന വ്യാജേന വിൽപന നടത്തിയ സ്ഥാപനം കുവൈറ്റിൽ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, വാണിജ്യ-വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ തോതിലുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്. ചീഞ്ഞഴുകിയതും കാലാവധി കഴിഞ്ഞതുമായ ഉൽപ്പന്നങ്ങൾ വിൽക്കുക, കാലഹരണപ്പെട്ട തീയതികളിൽ കൃത്രിമം കാണിക്കുക, ഫ്രോസൺ മീറ്റ് ഡീഫ്രോസ്റ്റ് ചെയ്ത് പുതിയ ഇറച്ചിയെന്ന പേരിൽ വിൽക്കുക തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
പാകിസ്ഥാൻ ആട്ടിറച്ചി ജോർജിയൻ മാംസമായി വിപണനം ചെയ്തതിന് പുറമെ, ഫ്രോസൻ ഓസ്ട്രേലിയൻ മാംസോൽപ്പന്നങ്ങളായ കുടൽ, ഹൃദയം, കിഡ്നി എന്നിവയും ഇത്തരത്തിൽ വിൽപനയ്ക്കായി വെച്ചിരുന്നു.പരിശോധനയിൽ കാലാവധി രേഖപ്പെടുത്തിയ ആട്ടിൻതലകളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ ഉറവിടമോ കാലാവധിയോ പരിശോധിച്ചറിയാൻ സാധിച്ചിരുന്നില്ല.
ചില ആട്ടിറച്ചികളുടെ നിറത്തിലും രൂപത്തിലും മാറ്റങ്ങൾ സംഭവിക്കുകയും കൊഴുപ്പിൽ പൂപ്പൽ ബാധിച്ച നിലയിലാണെന്നും പരിശോധനയിൽ വ്യക്തമായി. കേടായതാണെന്ന് വ്യക്തമായിട്ടും ഈ മാംസങ്ങൾ മുറിച്ചു വിൽപനയ്ക്കായി ഉപയോഗിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസ്ഥാപനങ്ങളുടെ മേൽനോട്ടം കർശനമാക്കുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ വ്യക്തമാക്കി.



