കുവൈറ്റ് സിറ്റി: കുവൈറ്റിലെ സമുദ്ര മത്സ്യ ഉൽപ്പാദന മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ‘ഇക്കണോമിക് പ്രൊഡക്ഷൻ ഓഫ് മൾട്ടിപ്പിൾ മറൈൻ ഫിഷ്’ പദ്ധതിയുടെ 67 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായതായി പുതിയ സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു. മത്സ്യങ്ങൾ, ഞണ്ടുകൾ ഉൾപ്പെടെയുള്ള ക്രസ്റ്റേഷ്യനുകൾ, മോളസ്കുകൾ, പവിഴപ്പുറ്റുകൾ എന്നിവയുടെ കൃത്രിമ ഉൽപ്പാദനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പുരോഗമിക്കുകയാണ്.
2.4 കോടി കുവൈറ്റ് ദിനാർ ആകെ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി 2030-ഓടെ പൂർണ്ണമായും സജ്ജമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മത്സ്യവിപണിയിലെ കുത്തകവൽക്കരണം തടയുക, ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ മത്സ്യം ലഭ്യമാക്കുക, ആഗോള-ഭൗമരാഷ്ട്രീയ പ്രതിസന്ധികളുണ്ടാകുമ്പോൾ പ്രാദേശിക വിപണിയെ സുരക്ഷിതമാക്കാൻ ആവശ്യമായ കരുതൽ ശേഖരം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുവൈറ്റിലെ അക്വാകൾച്ചർ (മത്സ്യകൃഷി) വ്യവസ്ഥയെ വികസിപ്പിക്കുന്നതിലൂടെ വിപണിയിലെ അനാവശ്യമായ വിലക്കയറ്റത്തിന് തടയിടാനും തടസ്സമില്ലാതെ ഫ്രഷ് കടൽവിഭവങ്ങൾ വിതരണം ചെയ്യാനും സാധിക്കും.
വിപണിയിലെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെ കടലിലെ സ്വാഭാവിക മത്സ്യസമ്പത്തിന്മേലുള്ള അമിത സമ്മർദ്ദം ലഘൂകരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഫിഷ് കാനിംഗ്, മാർക്കറ്റിംഗ്, ഗതാഗതം, മത്സ്യത്തീറ്റ ഉൽപ്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും ഇത് കാരണമാകും.
അക്വാകൾച്ചർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രാദേശിക വിപണിയിൽ മത്സ്യവില ഗണ്യമായി കുറയുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സലേം അൽ കന്ദരി അഭിപ്രായപ്പെട്ടു. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ പ്രാദേശികമായി പിടിക്കുന്ന സുബൈദി, ഹമൂർ തുടങ്ങിയ മത്സ്യങ്ങൾക്ക് നിലവിൽ വലിയ വിലയാണുള്ളതെന്നും പുതിയ പദ്ധതി ഇതിനൊരു ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



