കുവൈറ്റ് സിറ്റി: കുവൈറ്റിലെ കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിലും റിയാദ് റോഡിലും വലിയ രീതിയിലുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച്, കിംഗ് ഫൈസൽ റോഡിൽ മൂന്നാം റിംഗ് റോഡിന്റെ എക്സിറ്റ് (അൽ-ഖാലിദിയക്ക് എതിർവശം കുവൈറ്റ് എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വഴി) മുതൽ നാലാം റിംഗ് റോഡിലേക്കുള്ള എക്സിറ്റ് വരെയുള്ള വലത്, മധ്യ ലെയിനുകൾ പൂർണ്ണമായും അടച്ചിടും. ഇതിന് പുറമെ, അൽ-ഖാലിദിയ മേഖലയിലെ റിയാദ് റോഡിലുള്ള സേലം ബിൻ അലി ബുഖ്മാസ് സ്ട്രീറ്റിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും അടയ്ക്കുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഓഗസ്റ്റ് 11 വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ റൂട്ടുകളിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുഗമമായ വാഹന ഗതാഗതത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.



