കുവൈറ്റ് സിറ്റി: രോഗബാധ മൂലം വരുമാനം നഷ്ടപ്പെടുകയും പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ക്യാൻസർ രോഗികൾക്ക് താങ്ങായി കുവൈറ്റ് ക്യാൻസർ പേഷ്യന്റ്സ് ഫണ്ട്. ഫണ്ട് രൂപീകരിച്ചത് മുതൽ 2025 അവസാനിക്കുന്നത് വരെ 3,556 ക്യാൻസർ രോഗികൾക്ക് ആശ്വാസമെത്തിക്കാൻ സാധിച്ചതായി ക്യാൻസർ പേഷ്യന്റ്സ് ഫണ്ട് ചെയർമാനും കുവൈറ്റ് ആന്റി സ്‌മോക്കിംഗ് ആൻഡ് ക്യാൻസർ സൊസൈറ്റി ബോർഡ് ചെയർമാനുമായ ഡോ. ഖാലിദ് അൽ സാലിഹ് അറിയിച്ചു.2026 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം 98 രോഗികൾക്കാണ് ഫണ്ടിന്റെ സഹായം ലഭിച്ചത്. ഇതുവരെ ആകെ 2,50,000 കുവൈറ്റി ദിനാറിലധികം (ഏകദേശം 6.8 കോടിയോളം ഇന്ത്യൻ രൂപ) ധനസഹായമായി വിതരണം ചെയ്തു. രോഗം മൂലം ജോലി നഷ്ടപ്പെട്ടവർക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കുമാണ് ഈ സഹായം ഏറെ ആശ്വാസമായത്.
കാരുണ്യപ്രവർത്തകരുടെയും നല്ലവരായ മനുഷ്യരുടെയും നിരന്തരമായ പിന്തുണ കൊണ്ടാണ് ഈ സഹായങ്ങൾ നൽകാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലം സാമ്പത്തിക സഹായം നൽകുക എന്നതിലുപരി രോഗികളിൽ പ്രത്യാശ വളർത്താനും സമൂഹത്തിൽ കാരുണ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനുമാണ് ഫണ്ട് ലക്ഷ്യമിടുന്നത്. അർഹരായ രോഗികൾക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങളോടെ പുതിയ അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



