ശ്രീകാര്യം കേന്ദ്രീകരിച്ച് വിദേശികളെ ലക്ഷ്യമിട്ട് കോടികളുടെ വ്യാജ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കോൾ സെന്റർ സംഘത്തെ സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിലാണിത്. കേന്ദ്രം നടത്തിയ 13 ഉത്തരേന്ത്യക്കാരെ അറസ്റ്റുചെയ്തു. 41 കംപ്യൂട്ടറുകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു. അമേരിക്കയിൽനിന്നുൾപ്പെടെയുള്ള വിദേശ ബിസിനസുകാരുടെ ഫോൺനമ്പറുകൾ ശേഖരിച്ചിരുന്ന മുഖ്യ ആസൂത്രകൻ ഗുജറാത്ത് സ്വദേശിയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
അതിഥിത്തൊഴിലാളികൾ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണമാണ് വൻ സൈബർ തട്ടിപ്പുസംഘത്തിലേക്ക് വഴിമാറിയത്. ലഹരി പിടിക്കാനെത്തിയ ഡാൻസാഫ് സംഘം പരിശോധിച്ച കേന്ദ്രത്തിൽനിന്ന് മുങ്ങിയ പ്രതി കപിൽ ഠാക്കൂറിനെ വിമാനത്താവളത്തിൽവെച്ച് വിമാനത്തിൽനിന്ന് പോലീസ് പിടികൂടി. ഡോളറിൽ വായ്പനൽകാമെന്ന് വാഗ്ദാനംനൽകി നടപടിക്രമങ്ങൾക്കായി മുൻകൂറായി പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. പണം തട്ടുന്നതിന് ഫോൺവഴി ഭീഷണി മുഴക്കിയതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പുസംഘത്തെ പിടികൂടുന്നത്.
സിറ്റി പോലീസ് കമ്മിഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിന് ഒരു പൊൻതൂവൽകൂടി. ലഹരിമാഫിയയുടെ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോൺ ആപ്പിലൂടെ കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘത്തെയായിരുന്നു. ശ്രീകാര്യം ചേന്തിക്കടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ നടത്തിയ റെയ്ഡിലായിരുന്നു തട്ടിപ്പുസംഘത്തെ പിടികൂടാനായത്. ഐ.ടി. കമ്പനിയെന്ന വ്യാജേനയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആഡംബരക്കെട്ടിടം വാടകയ്‌ക്കെടുത്താണ് പ്രവർത്തനം. കെട്ടിടം മുഴുവനും തൂത്തുപെറുക്കി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെത്താനായില്ല. പകരം സംസ്ഥാനത്തും രാജ്യത്തെ വിവിധയിടങ്ങളിലുമുള്ളവരുടെ ബാങ്ക് രേഖകളും പാൻ കാർഡുകളും ആധാറും ഉൾപ്പെട്ടവയുടെ വിവരങ്ങൾചേർത്ത വിവിധ ഫയലുകൾ കംപ്യൂട്ടറുകളിൽ ഓരോ ഫയലായി രേഖപ്പെടുത്തിയിരുന്നു.



