ടെഹ്റാൻ, സെപ്റ്റംബർ 24: അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയത്.
ഇറാനിയൻ വിമാനങ്ങൾ സർവീസ് നടത്തുന്നത് തടയാൻ അമേരിക്കയുമായി അയൽരാജ്യങ്ങൾ സഹകരിച്ചാൽ അവരുടെ വിമാനത്താവളങ്ങൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് റെസായി വ്യക്തമാക്കിയത്. എന്നാൽ ഇത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. അമേരിക്ക ഇറാന്റെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 36 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഇതിനകം ഇറാഖിലെ ബാഗ്ദാദ്, ഒമാനിലെ മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള ഇറാനിയൻ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തുർക്കി, ജോർജിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് കൂടുതൽ സൈനിക നടപടികൾ ഉണ്ടായാൽ അതിൽ പങ്കാളികളാകരുതെന്നും അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് നാലോ അഞ്ചോ ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ചർച്ചകൾ പുനരാരംഭിക്കില്ലെന്നും റെസായി വ്യക്തമാക്കി.



