ഷിംല: ഹിമാചല്‍ പ്രദേശ് ഐഐടി മാണ്ഡി ക്യാമ്പസില്‍ പതിച്ച പോസ്റ്റര്‍ വിവാദത്തില്‍. ശുദ്രര്‍ സവര്‍ണരെ സേവിക്കേണ്ടവര്‍ എന്ന ജാതീയ മുദ്രാവാക്യമാണ് പോസ്റ്ററില്‍ ഉള്ളത്. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് വിവാദ പ്രസ്താവന ഉള്ളത്. ഓഡിറ്റോറിയത്തിന് പുറത്ത് ഭഗവത്ഗീത- ദി ടൈംലെസ് വിസ്ഡം എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. ക്യാമ്പസിലെ സമത്വത്തെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്ന പ്രവൃത്തിയെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.
ടെക് സ്കൂള്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ കര്‍മ്മം എന്ന ആശയത്തെ പരാമര്‍ശിക്കുകയും ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവരുമായി ബന്ധപ്പെട്ട കടമകളെന്ന് വിവരിക്കുകയും ചെയ്യുന്നതാണ്. ബ്രാഹ്മണര്‍ ‘ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക’ എന്നും, ക്ഷത്രിയര്‍ ‘സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കുക’ എന്നും, വൈശ്യര്‍ ‘സമ്പദ്വ്യവസ്ഥയെ നയിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക’ എന്നും ഇതില്‍ പറയുന്നു. ഉയര്‍ന്ന വര്ണ്ണത്തിലുള്ളവരെ ‘സേവിക്കുക’ എന്നതാണ് ശൂദ്രരുടെ പങ്കെന്നും പോസ്റ്റർ വിവരിക്കുന്നു. കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിന്ദര് ബെഹേര പറഞ്ഞു. വിഷയത്തില്‍ അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പോസ്റ്ററിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുകയും ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുകയും ചെയ്തിരുന്നു. ക്യാമ്പസില്‍ ഒരു തരത്തിലും ജാതി വിവേചനം പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐഐടി അറിയിച്ചിട്ടുണ്ട്. ആരാണ് പോസ്റ്റര്‍ തയ്യാറാക്കിയത്, ആരാണ് പ്രചരിപിച്ചത്, ക്യാമ്പസിലെ പരിപാടിയുടെ ഭാഗമായി അത് മാറാനിടയായ സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരം പരിപാടികള്‍ക്കുള്ള ഉള്ളടക്കം തയ്യാറാക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഈ വിവാദം ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ഔദ്യോഗികമായ ഏതെങ്കിലും തരത്തിലുള്ള സ്ഥാപനതല പരിശോധനയ്ക്ക് വിധേയമായിരുന്നോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.



