കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: കുവൈത്തിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനും സ്വയം പരിശോധന നടത്തുന്നതിനുമായി ഇതുവരെ 1,97,000 ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകിയതായി ദേശീയ കാൻസർ ബോധവൽക്കരണ ക്യാമ്പയിനായ ‘കാൻ’ അറിയിച്ചു.
സ്തനാർബുദ ബോധവൽക്കരണത്തിനായുള്ള വാർഷിക ക്യാമ്പയിൻ സെപ്റ്റംബർ 30 മുതൽ ആരംഭിക്കുമെന്ന് കാൻ ചെയർമാൻ ഡോ. ഖാലിദ് അൽ സാലിഹ് വ്യക്തമാക്കി.‘നിങ്ങളുടെ അവബോധം, പിങ്ക് സുരക്ഷാ ബെൽറ്റ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.കുവൈത്തിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കാൻസറാണ് സ്തനാർബുദമെന്നും നേരത്തെയുള്ള രോഗനിർണയം ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിനികൾക്ക് പുറമെ സർവകലാശാല വിദ്യാർത്ഥികൾ, വനിതാ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, ഭിന്നശേഷിക്കാർ എന്നിവരിലേക്കും ബോധവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി.ആരോഗ്യ മന്ത്രാലയത്തിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.



