ഹൈദരാബാദ്: കാർ നിർമ്മാതാക്കളായ റെനോ പുതിയ റെനോ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് ഒക്ടോബർ 17ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘E-Tech 160’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൈബ്രിഡ് മോഡൽ പുതിയ എഞ്ചിൻ ഓപ്ഷനുമായി വിപണിയിലെത്തും. 1.0 ലിറ്റർ, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഡസ്റ്ററിന് നിലവിലുള്ളത്. ഹൈബ്രിഡ് മോഡൽ ഡസ്റ്റർ നിരയിലേക്ക് മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷൻ കൂടെ നൽകും.
2026 ജനുവരിയിലാണ് പുതിയ കാലത്തിനനുസരിച്ച് പുത്തൻ സാങ്കേതികവിദ്യകളും നിരവധി അപ്ഗ്രേഡുകളുമായി മുഖം മിനുക്കിയ റെനോ ഡസ്റ്റർ കമ്പനി വെളിപ്പെടുത്തിയത്. പിന്നീട് മാർച്ചിൽ ലോഞ്ച് ചെയ്തു. ഹൈബ്രിഡ് പവർട്രെയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് റെനോ ഇന്ത്യ വൈസ് പ്രസിഡന്റ് ഫ്രാൻസിസ്കോ ഹിഡാൽഗോ അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷത്തേക്കുള്ള എല്ലാ വാഹനങ്ങളും വിറ്റുതീർന്നതായും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെനോയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, നഗരപ്രദേശങ്ങളിലാണ് ഡിമാൻഡ് കൂടുതൽ. മെട്രോ നഗരങ്ങളിലെ ആകെ ബുക്കിങുകളിൽ 39 ശതമാനവും ഹൈബ്രിഡ് വകഭേദത്തിനാണ്. പുതിയ ഡസ്റ്ററിലൂടെ ഇന്ത്യയിലെ ജനപ്രിയ മിഡ്സൈസ് എസ്യുവി വിഭാഗത്തിലേക്ക് ഐക്കണിക് നെയിംപ്ലേറ്റിനെയും റെനോയെയും തിരികെ കൊണ്ടുവരാൻ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്.
1.8 ലിറ്റർ GDI പെട്രോൾ എഞ്ചിനും 1.4 kWh ബാറ്ററി പാക്കും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് എഞ്ചിനിൽ ഇത് പ്രവർത്തിക്കും. ഇവ രണ്ടും ചേർന്ന് 158 bhp പവറും 172 Nm ടോർക്കും നൽകുന്നു. ഈ എൻജിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഡസ്റ്റർ ഹൈബ്രിഡിന് ആകെ 1,000 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് റെനോ അവകാശപ്പെടുന്നു.
നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിനിടയിൽ, 80 ശതമാനം സമയവും ഡസ്റ്റർ ഹൈബ്രിഡ് പൂർണ്ണമായും ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. സാധാരണ പെട്രോൾ എഞ്ചിൻ (ഇന്റേണൽ കംബഷൻ എൻജിൻ) മാത്രമുള്ള കാറുകളെ അപേക്ഷിച്ച് ഇന്ധന ഉപഭോഗം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിന് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
കാറിന്റെ ഇവി മോഡിന് പുറമേ, മൾട്ടിമോഡ് ഗിയർബോക്സ് (15 മോഡുകൾ) വഴി റെനോയുടെ ഹൈബ്രിഡ് സിസ്റ്റം മറ്റ് നാല് മോഡുകളിലേക്ക് കൂടി മാറുന്നു. ‘ഡൈനാമിക് ഹൈബ്രിഡ്’ മോഡിൽ, എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്നാണ് വാഹനത്തെ ചലിപ്പിക്കുന്നത്. ‘ഇലക്ട്രിക് മോഷൻ’ മോഡിൽ ഇലക്ട്രിക് മോട്ടോർ മാത്രമാണ് വാഹനത്തെ ചലിപ്പിക്കുന്നത്. അതേസമയം പെട്രോൾ എഞ്ചിൻ ബാറ്ററി ചാർജ് ചെയ്യുന്നു. പെട്രോൾ എഞ്ചിൻ മാത്രം വാഹനത്തെ ചലിപ്പിക്കുന്ന ‘സ്റ്റാൻഡ്ലോൺ ICE’ മോഡും, വാഹനം വേഗത കുറയ്ക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ ഊർജ്ജം വീണ്ടെടുക്കുന്ന (റീജനറേറ്റ് ചെയ്യുന്ന) ‘എനർജി റിക്കവറി’ മോഡും ഇതിലുണ്ട്.



