കുവൈത്ത് സിറ്റി: വഫ്ര കാർഷിക മേഖലയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ട്രാഫിക് വകുപ്പിന്റെ സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിലുണ്ടായിരുന്ന വാഹനം തിരിച്ചറിഞ്ഞ ട്രാഫിക് ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഡ്രൈവറെയും വാഹനവും പിടികൂടിയത്.
പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒപ്പം പ്രതിയുടെ വാഹനം കസ്റ്റഡിയിലെടുത്ത് പൊടിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.



