കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 17 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഹോട്ടൽ മുറിയിൽ നിന്ന് അമിതമായ ശബ്ദവും ബഹളവും കേൾക്കുന്നുവെന്ന് ലഭിച്ച പരാതിയെ തുടർന്ന് ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പെട്രോൾ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ മുറിക്കുള്ളിൽ അതിരൂക്ഷമായ ശബ്ദത്തിൽ സംഗീതം വെച്ച് ആഘോഷങ്ങളിൽ ഏർപ്പെട്ടിരുന്നവരെ കണ്ടെത്തി. സ്ത്രീകളുടെ നൃത്ത വേഷങ്ങൾ ധരിച്ച നിലയിലുള്ള അഞ്ച് പുരുഷന്മാരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും, മറ്റു ചിലർ ലഹരിയിൽ ആറാടിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റെയ്ഡിനിടയിൽ അഞ്ച് പേർ സംഭവസ്ഥലത്തുനിന്ന് ഓരക്ഷപ്പെടാൻ കഴിഞ്ഞതായും സൂചനയുണ്ട്. ഇവർ ആരെന്നറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
പിടിയിലായ 17 പേരുടെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് പൂർണ്ണമായ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. പരിശോധനയിൽ അറസ്റ്റിലായവരിൽ വലിയൊരു വിഭാഗം ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരുമാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ അറസ്റ്റിലായവരിൽ മുൻ നാഷണൽ അസംബ്ലി അംഗത്തിന്റെ മകനും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടർ നിയമനടപടികൾക്കായി പ്രതികളെ ഉടൻതന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി. ഒളിവിൽ പോയ മറ്റ് അഞ്ച് പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എങ്കിലും സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഔദ്യോഗികമല്ലാത്ത വിവരങ്ങളും ഉദ്യോഗസ്ഥരുടെ പദവികളെക്കുറിച്ചുള്ള അവകാശവാദങ്ങളും പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.



