ഫ്രാന്‍സില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ കുറവും അധ്യാപകരുടെ അഭാവവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. ഇതേ തുടർന്ന് നാനൂറിലധികം സ്കൂളുകൾ അടച്ചതായാണ് റിപ്പോർട്ട്. 1747 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യത്യസ്ത ആക്രമണങ്ങളില്‍ 65 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ 200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആറാം തീയതി വന്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടനകള്‍.
പാരീസ് നഗരത്തിലെ ചില സ്‌കൂളുകളില്‍ ആരംഭിച്ച പ്രതിഷേധമാണ് ഫ്രാന്‍സിനെ ആകമാനം പിടിച്ചുകുലുക്കുന്ന വന്‍ പ്രക്ഷോഭമായി മാറിയത്. കഴിഞ്ഞ ബജറ്റില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി 56 ബില്യന്‍ യൂറോ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെ അധ്യാപകരെയും അഗ്നിരക്ഷാ സേനാ ജീവനക്കാരെയും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫണ്ട് വെട്ടിക്കുറച്ചതോടെ അധ്യാപകരുടെ ഒഴിവുകള്‍ നികത്താതെയായി. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മോശമാകുന്ന സാഹചര്യമുണ്ടായി. ചൂടുകാലത്ത് എയര്‍ കണ്ടീഷണറുകളും തണുപ്പ് കാലത്ത് ഹീറ്ററും അടക്കം പ്രവര്‍ത്താക്കാത്ത നിലയാണ് നിലവിലുള്ളത്. ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ക്ലാസില്‍ 35 മുതല്‍ 40 വരെ കുട്ടികള്‍ ഉണ്ടെന്നാണ് വിവരം.
ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സര്‍വകലാശാല ഫീസ് ഉയര്‍ത്തിയതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും സമരക്കാരുടെ രോഷം ഇരട്ടിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സ്‌കൂള്‍ പ്രവേശന കവാടങ്ങള്‍ ഉപരോധിക്കുകയും സമാധാനപരമായി റാലികള്‍ നടത്തുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ ചില സ്ഥലങ്ങളില്‍ പൊലീസുമായി ഏറ്റുമുട്ടി. തെരുവുകളില്‍ തീയിട്ടും പൊലീസിന് നേരെ കല്ലും കുപ്പിലും പടക്കങ്ങളുമെറിഞ്ഞും പ്രതിഷേധ സമരം കാലപ സമാനമായാണ് നിലവില്‍ മുന്നോട്ട് പോകുന്നത്.



