കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: കുവൈത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം തുറക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി കാർണിവലും വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുന്നു.
പാർക്കിന്റെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് ഒരുക്കുന്നത്.ഒക്ടോബർ ഒന്നിനാണ് പാർക്കിന്റെ മൂന്നാം ഘട്ടം പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഒക്ടോബർ ഒന്നിനും രണ്ടിനും നടക്കുന്ന കാർണിവലിൽ സംഗീത പരിപാടികൾ, ലൈറ്റ് ഷോകൾ, സാംസ്കാരിക-പൈതൃക പ്രദർശനങ്ങൾ, കായിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
ഏകദേശം 2,43,605 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പദ്ധതിയിൽ റോമൻ തിയേറ്റർ, ഓപ്പൺ എയർ സിനിമ, ഐസ് സ്കേറ്റിംഗ് റിങ്ക്, ജിംനേഷ്യം, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.പുതിയ ഘട്ടം തുറക്കുന്നതോടെ കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള കൂടുതൽ വിനോദ സൗകര്യങ്ങൾ ലഭ്യമാകും.



