റെയില്‍വേ ട്രാക്കിലിരിക്കുന്നതും അനധികൃതമായി ട്രാക്കില്‍ നടക്കുന്നതും എല്ലാ ലോകരാജ്യങ്ങളിലും കുറ്റകരമാണ്. എന്നാല്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ നടക്കുന്നവരെയും ട്രാക്കില്‍ ഇരിക്കുന്നവരെയും കാണാം. എന്നാല്‍ ഇതേ രീതിയില്‍ ന്യൂയോര്‍ക്കിലെ സബ്വേ റെയില്‍ ട്രാക്കില്‍ കയറിയിരുന്ന ഇന്ത്യന്‍ വംശജയും നേപ്പാളി–അമേരിക്കന്‍ സുഹൃത്തും ട്രെയിനിടിച്ച് മരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ട്രെയിന്‍ വരുന്നതിനിടെ യുവതി യുവാവിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആയതിനാല്‍ ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
മലൈക്ക ചിത്ര (24), നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. ഇരുവരും ന്യൂ ജേഴ്സി സ്വദേശികളാണ്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 3:15നാണ് സംഭവം. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രകാരം ഇരുവരും ട്രാക്കില്‍ കൈപിടിച്ചിരിക്കുന്നത് കാണാം. പിന്നാലെ ഇവരുടെ ശരീരത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയും ഇവര്‍ തല്‍ക്ഷണം മരിക്കുകയുമാണ്.
ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ യുവതി പൊട്ടിച്ചിരിക്കുകയും യുവാവിനെ കെട്ടിപ്പിടിക്കുകയും ചെയ്തെന്ന് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. അടുത്തെത്തിയപ്പോഴാണ് താന്‍ ഇരുവരെയും കണ്ടതെന്നും എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചിരുന്നു എന്നാല്‍ ട്രെയിന്‍ സുരക്ഷിതമായി നില്ക്കാന് സാധിക്കുന്ന ദൂരമായിരുന്നില്ല ഇതെന്നും ലോക്കോ പൈലറ്റ് വ്യക്തമാക്കി.



