കുവൈത്ത് സിറ്റി, സെപ്റ്റംബർ 25: കോവിഡ് മഹാമാരിക്കാലത്ത് കുവൈത്തിലേക്ക് എത്തിയ യാത്രക്കാർക്കായി ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ കുവൈത്ത് പൗരനെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി.
കേസിൽ നേരത്തെ വിധിച്ചിരുന്ന 500 കുവൈത്ത് ദിനാർ പിഴയും കോടതി റദ്ദാക്കി.കോവിഡ് വ്യാപനകാലത്ത് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർ പാലിക്കേണ്ട നിർബന്ധിത ക്വാറന്റൈൻ നടപടികൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൗരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ അഭിഭാഷകനായ യൂസഫ് അൽ മുതവ്വ അവതരിപ്പിച്ച പ്രതിഭാഗ വാദങ്ങൾ പരിഗണിച്ച കോടതി, മുൻ വിധി റദ്ദാക്കുകയും പൗരനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതോടെ കോവിഡ് ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ ചുമത്തിയിരുന്ന 500 ദിനാറിന്റെ സാമ്പത്തിക പിഴയും ഒഴിവായി.



