കുവൈത്ത്: കുവൈത്തിലെ മലയാളി എഞ്ചിനീയർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഏറ്റവും വലിയ കൂട്ടായ്മയാ യ കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം (കെ ഇ എഫ് ) സംഘടിപ്പിച്ച വിസ്മയം 26 സെപ്റ്റംബർ 25-ന് അഹമ്മദിയിലെ FAIPS-DPS ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഏകദേശം 1,200 എഞ്ചിനീയർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ആവേശത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും വേദിയായി മാറി.നിലവിലെ പ്രാദേശിക സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് കുവൈത്തിനോടും കുവൈത്ത് ജനതയോടുമുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തിയാണ് പരിപാടികൾക്ക് തുടക്കമായത്.
കെഇഎഫിന്റെ എട്ട് ഘടക എഞ്ചിനീയറിംഗ് കോളേജ് അലുമ്നി അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ചെയർപേഴ്സൺമാരും അവരുടെ ജീവിതപങ്കാളികളും ചേർന്ന് എട്ട് നിലവിളക്കുകൾ തെളിയിച്ചതോടെ ഉദ്ഘാടന ചടങ്ങിന് ഭംഗിയേറി. കെഇഎഫ് എക്സ്-ഓഫീഷ്യോ ശ്രീമതി ഹനാൻ ഷാൻ സ്വാഗതപ്രസംഗം നിർവഹിച്ചു. തുടർന്ന് കെ ഇ എഫ് ജനറൽ കൺവീനർ ശ്രീ ഗംഗാ പ്രസാദ് .ടി. ചടങ്ങിനെ അഭിസംബോധന ചെയ്ത് പരിപാടിയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിക്കുകയും സംഘാടകരോടും സ്പോൺസർമാരോടും സന്നദ്ധപ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി കെഇഎഫ് ഡയറക്ടറി 2026 പ്രകാശനം ചെയ്തു. കെഇഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ജനറൽ കൺവീനർ ഗംഗാ പ്രസാദ് ടി. ഡയറക്ടറി പുറത്തിറക്കി. കുവൈത്തിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് പരസ്പര ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്തുന്ന പ്രധാന വേദിയായാണ് ഡയറക്ടറി വിലയിരുത്തപ്പെടുന്നത്.
ഈ ചടങ്ങിൽ കെഇഎഫ് ചിൽഡ്രൻസ് ക്ലബ്ബിന്റെ ഔദ്യോഗിക പരിചയപ്പെടുത്തലും നടന്നു. കുട്ടികളുടെ വിദ്യാഭ്യാസ, സാംസ്കാരിക, നേതൃത്വ, സാമൂഹിക വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ക്ലബ് പ്രസിഡന്റ് ശ്രീ ജോ ജോഷ്വാ ലിജോ സദസിന് പരിചയപ്പെടുത്തി. പരിപാടിയിലെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു KINETIC 2026 – Kuwait Industrial Exhibition and Technical Conference എന്ന കെഇഎഫിന്റെ പ്രധാന സംരംഭത്തിന്റെ പ്രമോഷണൽ വീഡിയോയും ബാനറും പ്രകാശനം ചെയ്തത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ചെയർമാൻ ശ്രീ കാർത്തികേയൻ ഇളങ്കോവന്റെ സാന്നിധ്യത്തിലായിരുന്നു ബാനർ പ്രകാശനം. കെഇഎഫും ഐബിപിസിയും (IBPC) സംയുക്തമായി സംഘടിപ്പിക്കുന്ന KINETIC 2026, ഡിസംബർ 10-ന് കുവൈത്തിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും.
കെഇഎഫ് സംഘടിപ്പിച്ച വേൾഡ് കപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. അൽ അൻസാരി എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ മാത്യു വർഗീസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയുടെ ഏറ്റവും വലിയ ആകർഷണമായത് പ്രശസ്ത മെന്റലിസ്റ്റ് ആതി ആദ്യമായി കുവൈത്തിൽ അവതരിപ്പിച്ച “ഇൻസോംനിയ” എന്ന ലൈവ് സ്റ്റേജ് ഷോയായിരുന്നു. മെന്റലിസം, സൈക്കോളജിക്കൽ ഇല്യൂഷൻസ്, നിരീക്ഷണ പാടവം, നർമ്മം, പ്രേക്ഷക പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ച അവതരണം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.
പരിപാടിയുടെ ആഘോഷാന്തരീക്ഷം വർധിപ്പിക്കുന്നതിൽ സ്വാദിഷ്ടമായ ഭക്ഷണവും വിഭവസമൃദ്ധമായ വിരുന്നും നിർണായക പങ്കുവഹിച്ചു. ഭക്ഷണ ക്രമീകരണങ്ങൾ പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രശംസ നേടി.അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ മാത്യു വർഗീസ്, കൂടാതെ Almen’s Mark Technologies, HEISCO, Kuwait Value, SATCO Energy എന്നീ സ്പോൺസർ സ്ഥാപനങ്ങളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.ജനറൽ കൺവീനർ ശ്രീ ഗംഗാ പ്രസാദ് ടി.യുടെ നേതൃത്വത്തിൽ, ജി.സി. ഡിസിഗ്നേറ്റ് ശ്രീ ബിജു കെ.ആർ., എക്സ്-ഓഫീഷ്യോ ശ്രീമതി ഹനാൻ ഷാൻ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. അൻഫർ ഖാസി ടി.ടി. (ഫിനാൻസ്), അജയ് ജി. (ഓർഗനൈസേഷൻ), പ്രശാന്ത് പി.വി. (സ്പെഷ്യാലിറ്റീസ്), അബ്ദുൾ ജബ്ബാർ എം.എം. (സ്പോൺസർഷിപ്പ്), മുഹമ്മദ് അഷ്റഫ് (പി.ആർ.), പ്രിൻസ് യു. ചെറിയ (ഡാറ്റ മാനേജ്മെന്റ്), ജേക്കബ് ബാബു (ഫുഡ് കമ്മിറ്റി), രേണു ആൻ ജേക്കബ് (ആർട്സ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും സന്നദ്ധപ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
ഉപദേശകരായ ഗംഗാ വിനോദ്, , റിയാസ് സലീം എന്നിവരുടെ മാർഗനിർദേശവും സംഘാടക പ്രവർത്തനങ്ങൾക്ക് കരുത്തേകി.മികച്ച സംഘാടനം, കുടുംബസൗഹൃദ അന്തരീക്ഷം, വൈവിധ്യമാർന്ന പരിപാടികൾ, സാംസ്കാരിക മൂല്യങ്ങൾ, പ്രൊഫഷണൽ സൗഹൃദം എന്നിവ സമന്വയിപ്പിച്ച വിസ് മയം 26, കുവൈത്തിലെ എഞ്ചിനീയർമാരുടെയും കുടുംബങ്ങളുടെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മറ്റൊരു മികച്ച ഉദാഹരണമായി മാറി. കെ ഇ എഫ് സമൂഹത്തിന്റെ വളർച്ചയ്ക്കും അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധത പരിപാടി വീണ്ടും തെളിയിച്ചു.



