കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: അറേബ്യൻ ഉപദ്വീപിലെ അപൂർവ വന്യജീവികളിലൊന്നായ അറേബ്യൻ ചെന്നായയെ കണ്ടെത്തുന്നതിനായി കുവൈത്ത് പരിസ്ഥിതി പ്രവർത്തകൻ നടത്തിയ യാത്ര ശ്രദ്ധേയമായി.കുവൈത്ത് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയിലെ അംഗമായ എൻജിനീയർ തലാൽ അൽ മുവൈസിരിയാണ് സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ ആറുദിവസം നീണ്ട പര്യവേക്ഷണം നടത്തിയത്.
ഏകദേശം 2,000 കിലോമീറ്റർ സഞ്ചരിച്ച അദ്ദേഹം നാല് അറേബ്യൻ ചെന്നായകളെ ക്യാമറയിൽ പകർത്തി. ഇവയിൽ മൂന്നെണ്ണം ചെന്നായക്കുഞ്ഞുങ്ങളാണ്. മലമുകളിൽ മൂന്ന് ചെന്നായ മാളങ്ങളും കണ്ടെത്തി.ചെന്നായകളുടെ സഞ്ചാരപാതകളിൽ സ്ഥാപിച്ച പ്രത്യേക ക്യാമറകളിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഇതിനിടെ ഒരു ചെന്നായ ക്യാമറ കടിച്ചെടുത്ത് കൊണ്ടുപോയ സംഭവവും ഉണ്ടായി. പിന്നീട് സ്ഥാപിച്ച സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് ക്യാമറ കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ സമീപത്തെ മറ്റൊരു ക്യാമറയിൽ പതിഞ്ഞിരുന്നു.അറേബ്യൻ ചെന്നായകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും പെരുമാറ്റരീതികളും പഠിക്കുന്നതിനും അവയുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുമാണ് യാത്ര സംഘടിപ്പിച്ചതെന്ന് കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി അറിയിച്ചു.



