കുവൈറ്റ് സിറ്റി: പരസ്യ ബോർഡുകളിലെയും ഉൽപ്പന്നങ്ങളുടെ വിലവിവര പട്ടികയിലെയും നിയമലംഘനങ്ങൾ കണ്ടെത്താൻ ഹവല്ലി ഗവർണറേറ്റിൽ കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി. വ്യാപാരികളും വാണിജ്യ സ്ഥാപനങ്ങളും മുൻകൂർ അനുമതികളും ലൈസൻസ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടത്തിയ ഫീൽഡ് പരിശോധനയിൽ 37 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തു.ഹവല്ലി മുനിസിപ്പാലിറ്റി ശാഖയിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മേഖലയിലെ 60 സ്ഥാപനങ്ങളിൽ സംഘം നേരിട്ടെത്തി പരിശോധന നടത്തിയതായി വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ സുബൈ അറിയിച്ചു. പ്രധാന നിയമലംഘനങ്ങൾ:പരസ്യ ലൈസൻസുകൾ പുതുക്കാതിരിക്കൽ.പരസ്യ ബോർഡുകൾ കൃത്യമായി പരിപാലിക്കാതെ ഉപേക്ഷിക്കൽ.മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രൊമോഷനുകളും പരസ്യങ്ങളും പ്രദർശിപ്പിക്കൽ.അധിക പരസ്യ ബോർഡുകൾ നിയമവിരുദ്ധമായി സ്ഥാപിക്കൽ.
നിയമനടപടികളും ഭാവിയിലെ കനത്ത പിഴകളും ഒഴിവാക്കാൻ വ്യാപാരികൾ എല്ലാത്തരം വാണിജ്യ-പരസ്യ ലൈസൻസുകളും കൃത്യസമയത്ത് പുതുക്കണമെന്ന് അൽ സുബൈ മുന്നറിയിപ്പ് നൽകി. പരസ്യ ബോർഡുകൾ സംബന്ധിച്ച് കുവൈറ്റിൽ പ്രാബല്യത്തിലുള്ള പുതിയ നിയമാവളി പ്രകാരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളും വൻതുക പിഴയും ചുമത്തുമെന്നും പൊതുജന താല്പര്യം സംരക്ഷിക്കാൻ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



