കുവൈത്ത് സിറ്റി: സാൽമിയയിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും താമസകേന്ദ്രങ്ങൾക്കിടയിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 73 വാഹനങ്ങൾ, ബോട്ടുകൾ, കാരവനുകൾ എന്നിവ സാൽമിയ പോലീസ് നീക്കം ചെയ്തു.
ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറുടെയും സാൽമിയ ഏരിയ കമാൻഡറുടെയും മേൽനോട്ടത്തിൽ നടത്തിയ ഫീൽഡ് ക്യാമ്പയിനിലാണ് നടപടി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മറ്റ് വസ്തുക്കളും ആദ്യം കണ്ടെത്തി രേഖപ്പെടുത്തിയ ശേഷം ഉടമകളെ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.
ഉടമകളെ കണ്ടെത്താൻ സാധിച്ച കേസുകളിൽ അവരുമായി നേരിട്ട് ബന്ധപ്പെട്ടു. ഉടമകളെ കണ്ടെത്താൻ കഴിയാത്തവ ഹവല്ലി മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ചാണ് നീക്കം ചെയ്തത്.റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മൂലം ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതും പ്രദേശത്തിന്റെ പൊതുരൂപം മോശമാകുന്നതും ഒഴിവാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.



