കുവൈറ്റ് സിറ്റി: ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും തത്വത്തിൽ ധാരണയായി. കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ-ബസീരി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അസിം മഹാജനുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. സനാബെൽ ടവറിലെ അണ്ടർസെക്രട്ടറിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, സാംസ്കാരിക ബന്ധങ്ങൾക്കും സ്കോളർഷിപ്പുകൾക്കുമുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഫൈസൽ അൽ-അദ്വാനി എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുക, പരസ്പര പഠന-ഗവേഷണ അവസരങ്ങൾ വർദ്ധിപ്പിക്കുക, അക്കാദമിക മികവുകളും അനുഭവങ്ങളും പങ്കുവെക്കുക എന്നിവയാണ് പ്രധാനമായും ചർച്ചയായത്. ഈ സഹകരണം ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



