കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോർത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫോർത്ത് റിങ് റോഡും ഡമാസ്കസ് സ്ട്രീറ്റും സംഗമിക്കുന്ന ഭാഗത്തെ മേൽപ്പാലമാണ് താൽക്കാലികമായി അടച്ചത്.നവംബർ 11 ബുധനാഴ്ച പുലർച്ചെ മുതൽ നവംബർ 20 വെള്ളിയാഴ്ച പുലർച്ചെ വരെയാണ് നിയന്ത്രണം. സാൽമിയ ഭാഗത്തേക്ക് ഫോർത്ത് റിങ് റോഡിൽ പ്രവേശിക്കുന്നതിനുള്ള ട്രാഫിക് സിഗ്നലും ഈ കാലയളവിൽ അടച്ചിടും.
ഖുർതുബ പ്രദേശത്തിന് എതിർവശത്തുള്ള ഫോർത്ത് റിങ് റോഡിന്റെയും കിങ് ഫൈസൽ റോഡിന്റെയും ജങ്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് വിഭാഗവും സംയുക്തമായാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
അതേസമയം, സബാഹിയയിലെ ഹമദ് അൽ സുവൈർ സ്ട്രീറ്റിലും റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അൽ ഗവ്വാസ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി റോഡ് നമ്പർ 212-ലെ ഒരു വരിയാണ് അടച്ചത്. ശേഷിക്കുന്ന രണ്ട് വരികളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം.റോഡ് പണികൾ പൂർത്തിയാകുന്നതുവരെ വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും യാത്രകൾക്ക് ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.



