കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനുമതിയില്ലാതെ യാത്രക്കാരെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനും ബസുകൾ വാടകയ്ക്ക് നൽകുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. അനുവദിച്ച ലൈസൻസിന്റെ പരിധി ലംഘിച്ച് ബസ് സർവീസുകൾ നടത്തുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ ചില കമ്പനികളും വ്യാപാര ലൈസൻസ് ഉടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകൾ അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. യാത്രക്കാരെയും തൊഴിലാളികളെയും പണം വാങ്ങി കൊണ്ടുപോകുന്നതിനും മറ്റ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ വാടകയ്ക്ക് നൽകുന്നതിനുമാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.നിലവിലുള്ള ലൈസൻസിൽ അനുവദിച്ചിട്ടില്ലാത്ത ആവശ്യങ്ങൾക്കായി ബസുകൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെയും സ്കൂൾ വിദ്യാർഥികളുടെയും യാത്രയ്ക്കായി ബസുകൾ ഏർപ്പെടുത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ബസ് സർവീസ് നടത്തുന്ന കമ്പനിക്കും ഉപയോഗിക്കുന്ന വാഹനത്തിനും ബന്ധപ്പെട്ട ഗതാഗത സേവനം നടത്താനുള്ള നിയമാനുസൃത ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.അതുപോലെ ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ അറിയിച്ചു.
അനുവദിച്ച ലൈസൻസിന് വിരുദ്ധമായി ബസുകൾ വാടകയ്ക്ക് നൽകുകയോ യാത്രക്കാരെ കൊണ്ടുപോകുകയോ ചെയ്യുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കും. അനധികൃത ബസ് സർവീസുകൾ നടത്തുന്നതിലോ അതിന് സഹായം നൽകുന്നതിലോ പങ്കുള്ളതായി തെളിയുന്നവരെ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത മേഖലയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.



