കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബിയ പ്രദേശത്ത് കണ്ടെത്തിയ ആയിരത്തോളം പുരാതന ശവകുടീരങ്ങൾ രാജ്യത്തിന്റെ അയ്യായിരത്തിലേറെ വർഷത്തെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യസമൂഹങ്ങളുടെ ജീവിതരീതികൾ, സംസ്കാരം, മതവിശ്വാസങ്ങൾ, വ്യാപാരബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഈ പുരാവസ്തു കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
കുവൈറ്റ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സിലെ പുരാവസ്തു, മ്യൂസിയം വിഭാഗം മുൻ ഡയറക്ടർ ഡോ. സുൽത്താൻ അൽ ദുവൈഷാണ് സബിയയിലെ ശവകുടീരങ്ങളുടെ ചരിത്രപ്രാധാന്യം വിശദീകരിച്ചത്.സബിയ പ്രദേശത്ത് ഇതുവരെ ആയിരത്തോളം പുരാതന ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയിൽ ചിലതിന് അയ്യായിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം അൽ റായ് പത്രത്തോട് പറഞ്ഞു.ഈ ശവകുടീരങ്ങളിൽ പലതും ബിസി 2500 മുതൽ 1500 വരെയുള്ള വെങ്കലയുഗത്തിൽ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
എന്നാൽ ചില പുരാവസ്തുക്കൾ അതിനും മുമ്പുള്ള ഉബൈദ് സംസ്കാരകാലഘട്ടത്തിലേതാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ശവകുടീരങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ചില ശവകുടീരങ്ങൾക്ക് ചുറ്റും വൃത്താകൃതിയിലുള്ള കൽമതിലുകളുണ്ട്. ഇവയുടെ മധ്യഭാഗത്താണ് മൃതശരീരം സംസ്കരിക്കുന്നതിനുള്ള അറകൾ നിർമ്മിച്ചിരുന്നത്. ചില ശവകുടീരങ്ങളുടെ പുറംമതിലുകൾക്ക് ഏകദേശം 15 മീറ്റർ വരെ വ്യാസമുണ്ട്.മണൽ അടിഞ്ഞുകൂടുന്നതും മോഷണശ്രമങ്ങളും തടയുന്നതിനായിരിക്കാം ഇത്തരം മതിലുകൾ നിർമ്മിച്ചതെന്ന് ഡോ. അൽ ദുവൈഷ് വിശദീകരിച്ചു. വലുപ്പമേറിയ ശവകുടീരങ്ങൾ അക്കാലത്തെ സമൂഹത്തിലെ പ്രമുഖരുടേതായിരിക്കാമെന്നും കരുതുന്നു.ശവകുടീരങ്ങളിൽനിന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും അലങ്കാരവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും മതവിശ്വാസങ്ങളെയും കുറിച്ചുള്ള സൂചനകളാണ് ഇവ നൽകുന്നത്.
കണ്ടെത്തിയ ശവകുടീരങ്ങളിൽ എട്ടെണ്ണത്തിന് പ്രത്യേക പുരാവസ്തു പ്രാധാന്യമുണ്ടെന്നും മറ്റൊന്ന് കുട്ടികളുടെ ശവകുടീരമായിരിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.പുരാതന കര, കടൽ വ്യാപാരപാതകളോട് ചേർന്നാണ് ഈ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. കുവൈറ്റ് ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലുള്ള ജലസ്രോതസ്സുകൾക്ക് സമീപമായിരുന്നു അക്കാലത്തെ ജനവാസകേന്ദ്രങ്ങൾ രൂപപ്പെട്ടിരുന്നത്.ദിൽമുൻ സംസ്കാരമേഖലയ്ക്കും അറേബ്യൻ ഉപദ്വീപിന്റെ കിഴക്കൻ പ്രദേശങ്ങൾക്കുമിടയിൽ ചരക്കുകൾ കൊണ്ടുപോയിരുന്ന വ്യാപാരികളുടേതായിരിക്കാം ചില ശവകുടീരങ്ങളെന്നും കരുതപ്പെടുന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ കുവൈറ്റിൽ വ്യാപാരപരമായും സാംസ്കാരികമായും വികസിച്ച മനുഷ്യസമൂഹങ്ങൾ ജീവിച്ചിരുന്നുവെന്നതിന്റെ സുപ്രധാന തെളിവുകളാണ് സബിയയിലെ പുരാവസ്തു അവശിഷ്ടങ്ങളെന്ന് ഡോ. അൽ ദുവൈഷ് വ്യക്തമാക്കി.കുവൈറ്റിന്റെ പുരാതന ചരിത്രവും ഗൾഫ് മേഖലയിലെ ആദ്യകാല മനുഷ്യവാസവും മനസ്സിലാക്കുന്നതിൽ സബിയയിലെ ശവകുടീരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തൽ.



