കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുമ്പോഴും തിരികെ രാജ്യത്ത് പ്രവേശിക്കുമ്പോഴും യാത്രാവിവരങ്ങൾ ഇനി സഹേൽ ആപ്പിലൂടെ അറിയാം. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ ഇലക്ട്രോണിക് അറിയിപ്പ് സംവിധാനം ആഭ്യന്തര മന്ത്രാലയം പ്രവർത്തനക്ഷമമാക്കി.
കുവൈറ്റിലെ ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ സഹേൽ (Sahel) വഴിയാണ് പുതിയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, കര അതിർത്തികൾ, തുറമുഖങ്ങൾ എന്നിവ വഴി രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് ആപ്പിലൂടെ അറിയാനാകും.
യാത്രക്കാരുടെ പ്രവേശനവും പുറപ്പെടലും സംബന്ധിച്ച വിവരങ്ങൾ സർക്കാർ സംവിധാനത്തിൽ രേഖപ്പെടുത്തുമ്പോൾ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സഹേൽ ആപ്പിൽ ലഭിക്കും. ഇതിലൂടെ സ്വന്തം യാത്രാവിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാനും രേഖകളുടെ കൃത്യത ഉറപ്പുവരുത്താനും സാധിക്കും.പുതിയ സംവിധാനത്തിലൂടെ യാത്രയുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ സേവനങ്ങളും നേരിട്ട് ഉപയോഗിക്കാം. രാജ്യത്തുനിന്ന് പുറപ്പെടുന്നവർക്ക് അടിയന്തര യാത്രാരേഖകൾ ലഭ്യമാക്കുന്നതിനുള്ള സേവനങ്ങളും കോൺസുലർ കോൾ സെന്ററുമായി ബന്ധപ്പെടാനുള്ള സൗകര്യവും ലഭിക്കും.കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർക്ക് കസ്റ്റംസ് ഡിക്ലറേഷൻ സേവനങ്ങളും യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാൽ പരാതി നൽകുന്നതിനുള്ള സൗകര്യവും ആപ്പിലൂടെ ഉപയോഗിക്കാനാകും.
യാത്രാവിവരങ്ങളിൽ തെറ്റുകളോ പൊരുത്തക്കേടുകളോ കണ്ടെത്തിയാൽ അവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും പുതിയ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രാരേഖകളിലെ പിഴവുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉപയോക്താക്കൾക്ക് കഴിയും.
സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാക്കുന്നതിനും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമുള്ള ഡിജിറ്റൽ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.കുവൈറ്റിലെ സ്വദേശികൾക്കും പ്രവാസികൾക്കും യാത്രാവിവരങ്ങൾ പരിശോധിക്കുന്നതിനും ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ സംവിധാനം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.



