മിക്സഡ് വിഭാഗങ്ങളിൽ രണ്ട് വെള്ളിമെഡലുകൾ; ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ അഡോണിസ് റാണ വർഗീസും
കുവൈറ്റ്: ഇന്ത്യൻ ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി എൻ.ആർ.ഐ കുവൈറ്റിനെ പ്രതിനിധീകരിച്ച ബാലതാരങ്ങൾ. മഹാരാഷ്ട്രയിലെ പാൽഘറിൽ നവംബർ 25 മുതൽ 28 വരെ നടന്ന 39-ാമത് ദേശീയ ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിലും 28-ാമത് ദേശീയ സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിലുമാണ് കുവൈറ്റ് സംഘം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
അണ്ടർ-15 ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ.ആർ.ഐ കുവൈറ്റ് ടീം സ്വർണമെഡൽ സ്വന്തമാക്കി. അണ്ടർ-13, അണ്ടർ-15 മിക്സഡ് വിഭാഗങ്ങളിൽ രണ്ട് വെള്ളിമെഡലുകളും നേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിലെ ബീച്ച് വിഭാഗത്തിലായിരുന്നു കുവൈറ്റ് താരങ്ങളുടെ ഈ നേട്ടം.
ടീമിന്റെ വിജയത്തിന് കൂടുതൽ തിളക്കമേകി, 19 വയസ്സുകാരനായ അഡോണിസ് റാണ വർഗീസ് 2027 മാർച്ച് ആദ്യവാരം ഇറ്റലിയിൽ നടക്കുന്ന ലോക വടംവലി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ ഇടം നേടി.
കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് 44 കുട്ടികളാണ് വിവിധ പ്രായവിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മത്സരത്തിന് മുന്നോടിയായി 15 ദിവസത്തെ പരിശീലന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മുഖ്യ പരിശീലകൻ ഡോ. മുരുഗയ്യന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം പരിശീലകരായ ദീപയും ശിവാനിയും പരിശീലനത്തിന് നേതൃത്വം നൽകി.
ഭവൻസ് സ്കൂൾ ചെയർമാൻ കുട്ടികൾക്ക് ആശംസകളും അനുഗ്രഹങ്ങളും നേർന്ന് യാത്രയയപ്പ് നൽകി. ടീമിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ ആനന്ദ് വിക്ടർ നിർവഹിച്ചു.
കുവൈറ്റ് NRI ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ് ബാബുജി ബത്തേരിയും ജനറൽ സെക്രട്ടറി ഡി.കെ. ദിലീപും ടീമിന്റെ പരിശീലന തയ്യാറെടുപ്പുകൾക്കും മത്സരയാത്രയുടെ ഏകോപനത്തിനും നേതൃത്വം നൽകി.
ടീമിന്റെ പ്രകടനം ഭാവിയിൽ കൂടുതൽ മികച്ച നേട്ടങ്ങൾക്കുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് ഓൾ ഇന്ത്യ ടഗ് ഓഫ് വാർ ഫെഡറേഷൻ ജനറൽ സെക്രട്ടറി മദൻ മോഹൻ അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ കുവൈറ്റിലെ കുട്ടികൾ കാഴ്ചവെച്ച പ്രകടനത്തെ വടംവലി മേഖലയിലെ പ്രമുഖരും അഭിനന്ദിച്ചു.
ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ താരങ്ങളെയും കുവൈറ്റ് NRI ടഗ് ഓഫ് വാർ അസോസിയേഷൻ അഭിനന്ദിച്ചു.
ദേശീയ കായികവേദിയിൽ കുവൈറ്റിന്റെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തിയ ഈ നേട്ടം പ്രവാസി കായികലോകത്തിന് അഭിമാനവും യുവതലമുറയ്ക്ക് പ്രചോദനവുമാണ്.



