കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഏകീകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പൊതുവരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമായി ഏകീകൃത എക്സൈസ് നികുതി കരാറിന് കുവൈത്ത് ഔദ്യോഗിക അംഗീകാരം നൽകി.
ഇതുസംബന്ധിച്ച 2026ലെ 140-ാം നമ്പർ നിയമ ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ 1819-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചതോടെ നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.
2016 നവംബർ 27ന് റിയാദിൽ ഒപ്പുവെച്ച ജിസിസി ഏകീകൃത എക്സൈസ് നികുതി കരാറിനും 2025 ജൂൺ ഒന്നിന് ഒപ്പുവെച്ച ഭേദഗതിക്കുമാണ് കുവൈത്ത് അംഗീകാരം നൽകിയത്.
തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി ചുമത്തുന്നതിനായി ജിസിസി രാജ്യങ്ങളിൽ ഏകീകൃത നിയമസംവിധാനം രൂപപ്പെടുത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
ഒമ്പത് അധ്യായങ്ങളും 29 അനുച്ഛേദങ്ങളും ഉൾപ്പെടുന്ന കരാറിൽ നികുതി ചുമത്തുന്ന രീതി, നികുതി നിരക്ക്, ഉൽപ്പന്നങ്ങളുടെ മൂല്യനിർണയം, നികുതി അടയ്ക്കേണ്ട കാലാവധി, നികുതി ഇളവുകൾ, നികുതി തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ വിശദീകരിക്കുന്നുണ്ട്.
ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഏകീകൃത കസ്റ്റംസ് നിയമം പാലിക്കേണ്ടതുണ്ട്. നികുതി രജിസ്ട്രേഷൻ, ലൈസൻസിങ്, അക്കൗണ്ടിങ് രേഖകൾ സൂക്ഷിക്കൽ, നികുതി റിട്ടേൺ സമർപ്പിക്കൽ, പരിശോധന തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നികുതി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അംഗരാജ്യങ്ങൾക്കിടയിൽ കൈമാറുന്നതിനും രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും ഇലക്ട്രോണിക് സേവന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും കരാറിൽ നിർദേശമുണ്ട്.
ജിസിസി രാജ്യങ്ങളിൽ സാമ്പത്തികവും ധനകാര്യപരവുമായ ഏകീകൃത നിയമസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയായാണ് പുതിയ നിയമ ഉത്തരവിനെ വിലയിരുത്തുന്നത്.
അതേസമയം, കുവൈത്തിൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് എത്ര ശതമാനം നികുതി ചുമത്തുമെന്നും നികുതി പിരിവ് എന്ന് ആരംഭിക്കുമെന്നുമുള്ള വിശദാംശങ്ങൾ നൽകിയ വാർത്തയിൽ വ്യക്തമാക്കിയിട്ടില്ല.



