കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) സംഘടിപ്പിച്ച ക്രിക്കറ്റ് കാർണിവൽ 2026 അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറി. വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളുമായിരുന്നു ഇത്തവണത്തെ കാർണിവലിന്റെ പ്രധാന ആകർഷണം. 13 പുരുഷ ടീമുകളും 6 വനിതാ ടീമുകളുമടക്കം 19 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ സബാഹ് റാപ്റ്റേഴ്സും വനിതാ വിഭാഗത്തിൽ അമിരി പിങ്ക് പാന്തേഴ്സും ചാമ്പ്യന്മാരായി.
അമിരി, സബാഹ് ടീമുകൾ തമ്മിലായിരുന്നു ഇരു വിഭാഗങ്ങളിലെയും ഫൈനൽ പോരാട്ടങ്ങൾ. പുരുഷ വിഭാഗത്തിൽ സബാഹ് റാപ്റ്റേഴ്സ് 9 വിക്കറ്റിന് അമിരി വാരിയേഴ്സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ അമിരി പിങ്ക് പാന്തേഴ്സ് 10 വിക്കറ്റിന് സബാഹ് സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.
പുരുഷ വിഭാഗം ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെബിൻ ബെന്നി പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ദീപക് വിജയൻ (ഫർവാനിയ ടൈറ്റൻസ്) പ്ലെയർ ഓഫ് ദ ടൂർണമെന്റും മികച്ച ബാറ്ററുമായി. സഞ്ജു സജിലാൽ (അമിരി വാരിയേഴ്സ്) മികച്ച ബൗളർ പുരസ്കാരം നേടി.
വനിതാ വിഭാഗം ഫൈനലിലെ ഓൾറൗണ്ട് പ്രകടനത്തിലൂടെ ജോളി ജോർജ് പ്ലെയർ ഓഫ് ദ ഫൈനലായി. സബാഹ് സ്ട്രൈക്കേഴ്സിന്റെ നീതു മാത്യു പ്ലെയർ ഓഫ് ദ ടൂർണമെന്റും വിനീത നിഷ ഡിസൂസ മികച്ച ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു. അഹമ്മദി ക്വീൻസിന്റെ നിഷ എലിസബത്ത് മികച്ച ബൗളർ പുരസ്കാരം നേടി.
വനിത – പുരുഷ ടീമുകളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ക്രിക്കറ്റ് മാമാങ്കം കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ഇൻഫോക്ക് പ്രസിഡന്റ് വിജേഷ് വേലായുധൻ, ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ എന്നിവർ ആശംസകൾ നേർന്നു.
സമ്മാനദാന ചടങ്ങിൽ കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മാനേജറും ഐസിസി ലെവൽ 1 കോച്ചും ട്യൂട്ടറുമായ നവീൻ ഡി. ജയൻ മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈറ്റ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അമ്ന ഷെരീഫ് താരിഖ്, വൈസ് ക്യാപ്റ്റൻ പ്രിയദ മുരളി, ദേശീയ താരം ശാന്തി ബാലസുബ്രഹ്മണ്യം എന്നിവരും ഇൻഫോക്ക് ഭാരവാഹികളും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷഫാസ് അഹമ്മദ്, ഡാനിയേൽ അയ്യൂബ് (ലുലു മണി) അയ്യൂബ് കച്ചേരി (ഗ്രാൻഡ് ഹൈപ്പർ) അഫ്സൽ ഖാൻ (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്പോർട്സ് കൺവീനർ സതീഷ് കരുണാകരൻ, സ്പോർട്സ് കോഡിനേറ്റർമാരായ ബിബിൻ ജോർജ്, ഡെന്നിസ് സാജൻ, ലിയോ അവറാച്ചൻ എന്നിവരോടൊപ്പം റീജിയണൽ സ്പോർട്സ് കോഡിനേറ്റർമാരും ടീം ക്യാപ്റ്റൻമാരും മാനേജർമാരും ക്രിക്കറ്റ് കാർണിവൽ 2026 ഏകോപിപ്പിച്ചു.
കായിക മികവിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്ന ക്രിക്കറ്റ് കാർണിവൽ ഇൻഫോക്കിന്റെ കായിക പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി മാറി.



