‘മരട് 357’ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി

  • 17/02/2021


കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നത് പ്രമേയമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമായ ‘മരട് 357’ന്റെ റിലീസ് തടഞ്ഞ് കോടതി. എറണാകുളം മുൻസിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.
 
മറ്റന്നാൾ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിർണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിർമ്മാതാക്കളുടെ വാദം. സിനിമയുടെ നിർമ്മാതാക്കൾക്ക് നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.
 
അതേസമയം, സിനിമയിൽ ഫ്ളാറ്റ് നിർമ്മാതാക്കൾ പറയുന്ന പോലെ അവരെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലുമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ജയറാം നായകനായ പട്ടാഭിരാമന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പളളത്തിന്റേതാണ് സിനിമയുടെ തിരക്കഥ.

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Related Articles