വലിയ ചർച്ച സൃഷ്ടിച്ച ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' തമിഴ്, തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു

  • 18/02/2021



മലയാളികളിൽ വലിയ ചർച്ച സൃഷ്ടിച്ച ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൻറെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴിൽ 'ബൂമറാംഗും' 'ബിസ്‍കോത്തു'മൊക്കെ ഒരുക്കിയ ആർ കണ്ണനാണ് ചിത്രത്തിൻറെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകൾ സംവിധാനം ചെയ്യുന്നതും കണ്ണൻ തന്നെയാണ്.

"ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൻറേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടുമ്പോൾപ്പോലും നമ്മൾ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മൾ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോൾ", ആർ കണ്ണൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. തെന്നിന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന ഒരു നടൻ നായകനും. താരനിർണ്ണയം ഏറെക്കുറെ പൂർത്തിയായെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണൻ പറയുന്നു. പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകർ ആണ് സംഭാഷണം ഒരുക്കുന്നത്.

'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിൻറെ പ്രാധാന്യവും അവതരണത്തിലെ മൂർച്ഛയും കൊണ്ട് ആദ്യദിനത്തിൽ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉൾപ്പെടെ അന്തർദേശീയ മാധ്യമങ്ങളിൽ വരെ ഇടംപിടിച്ചിരുന്നു.

Related Articles