കാത്തിരിപ്പ് വെറുതെയായില്ല; ഗൾഫിലെ തിയേറ്ററുകൾ കീഴടക്കി മെഗാസ്റ്റാർ ചിത്രം ‘ദി പ്രീസ്റ്റ്’

  • 12/03/2021


ഗംഭീര വിജയത്തോടെ കേരളത്തിൽ ദ് പ്രീസ്റ്റ് മുന്നേറുകയാണ്. മമ്മൂട്ടിയെയും മഞ്ജു വാരിയറെയും പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ‘ദ് പ്രീസ്റ്റ് കേരളത്തോടൊപ്പം ഇന്നലെയായിരുന്നു ഗൾഫിലും റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്

ഗ്ലോബൽ ഫിലിംസാണ് ദ് പ്രീസ്റ്റ് ഗൾഫിലെ തിയറ്ററുകളിലെത്തിച്ചത് . ഇവരുടെ ആദ്യ ചിത്രമാണിത്. യുഎഇ–54, സൗദി–22, ഖത്തർ–14, ഒമാൻ–18 എന്നിങ്ങനെ ഗൾഫിൽ ആകെ 108 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പല തിയറ്ററുകളിലും മമ്മൂട്ടി ഫാൻസ് കട്ടൗട്ടുകളും മറ്റും സ്ഥാപിച്ചു ചിത്രത്തെ സ്വീകരിക്കാൻ നേരത്തെ തന്നെ ഒരുക്കം നടത്തിയിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ ആകെ 166 തിയറ്ററുകളാണ് ഉള്ളത്. യുഎഇലാണ് ഏറ്റവും കൂടുതൽ–72. ഒമാൻ–22, ബഹ്റൈൻ–9, ഖത്തർ–18, കുവൈത്ത്–14, സൗദി–31 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.

കോവി‍ഡ് വ്യാപനത്തെ തുടർന്നു മാസങ്ങളോളം തിയറ്ററുകൾ അടച്ചിട്ടതോടെ സിനിമാ പ്രേമികളുടെ ആശ്രയം ആമസോണും നെറ്റ് ഫ്ലിക്സുകളുമടക്കമുള്ള ഒാവർ ദ് ടോപ്(ഒടിടി) പ്ലാറ്റ്ഫോമുകളായിരുന്നു. നാട്ടിലെ തിയറ്ററുകളിൽ കാര്യമായ പ്രതികരണമുണ്ടാക്കാത്ത ഒട്ടേറെ മലയാളം, തമിഴ്, ചിത്രങ്ങൾ ഗൾഫിലെ തിയറ്ററുകളിൽ നിയന്ത്രണം നീക്കിയതോടെ പ്രദർശനത്തിനെത്തി. എന്നാൽ ഇളയദളപതിയുടെ ‘മാസ്റ്റർ’ ഒഴിച്ച് മറ്റൊന്നിനും കാര്യമായ ചലനമുണ്ടാക്കാനായില്ല.

ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ദുരൂഹ മരണത്തിന്റെ ചുരുളുകളഴിക്കുന്ന ഫാ.ബെനഡിക്ടിന്റെ കഥയാണിത്. ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന സൂപ്പർ താര ചിത്രം എന്ന പ്രത്യേകതയും കൂടിയുണ്ട്. സംവിധായകൻ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ‘കൈതി,’ ‘രാക്ഷസൻ’ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
 
ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എൻ ബാബുവും ചേർന്നാണ് ചിത്രം ഈ നിർമ്മിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുൽ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

Related Articles