സോഡിയം കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമം പിന്തുടരുന്നത് നീര്‍ക്കെട്ട്, ക്ഷീണം, ചുമ തുടങ്ങിയവ കുറച്ച് ഹൃദ്രോഗികളുടെ മൊത്തത്തിലുള്ള ജീവിതനിലവാരം വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ഇതു കൊണ്ട് അത്യാഹിത വിഭാഗത്തിലേക്കുള്ള സന്ദര്‍ശനങ്ങളിലോ, ആശുപത്രി വാസത്തിലോ ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന മരണത്തിലോ വലിയ മാറ്റമുണ്ടാകുന്നില്ലെന്ന് കാനഡയിലെ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണപഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ എഴുപത്തിയൊന്നാമത് വാര്‍ഷിക സയന്‍റിഫിക്ക് സെഷനിലാണ് ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. ബാഗിലോ ബോക്സിലോ ഒക്കെ ലഭിക്കുന്ന എന്തിലും നാം കരുതുന്നതിനേക്കാൾ ഉപ്പ് അടങ്ങിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ മെഡിസിന്‍ ആന്‍ഡ് ദന്തിസ്ട്രി പ്രഫസര്‍ ജസ്റ്റിന്‍ ഇസ്കോവിറ്റ്സ് പറഞ്ഞു. സംസ്കരിച്ച ഭക്ഷണത്തിലും ഹോട്ടല്‍ ഭക്ഷണത്തിലുമെല്ലാം ഡയറ്ററി സോഡിയം നിറഞ്ഞിരിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാനഡ, അമേരിക്ക, കൊളംബിയ, ചിലി, മെക്സിക്കോ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ 26 മെഡിക്കല്‍ സെന്‍ററുകളിലുള്ള 806 രോഗികളിലാണ് ഗവേഷണം നടത്തിയത്. ഇവരെല്ലാവരും ഹൃദയസ്തംഭനം വന്നിട്ടുള്ളവരാണ്. ഇതില്‍ പകുതി പേര്‍ക്ക് സാധാരണ ചികിത്സയും ബാക്കി പകുതി പേര്‍ക്ക് സോഡിയം കുറഞ്ഞ ഭക്ഷണക്രമം അടങ്ങിയ ചികിത്സയും നല്‍കി. രണ്ടാം വിഭാഗത്തില്‍പ്പെട്ട രോഗികളോട് ഉപ്പോ, ഉപ്പ് കൂടിയ അളവിലുള്ള ചേരുവകളോ ഒഴിവാക്കി വീട്ടില്‍തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കാനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടു വിഭാഗങ്ങളുടെയും ഹൃദയ പ്രശ്നങ്ങള്‍ മൂലമുള്ള ആശുപത്രിവാസം, അത്യാഹിത വാര്‍ഡ് സന്ദര്‍ശനം, മരണനിരക്ക് എന്നിവ താരതമ്യപ്പെടുത്തി. ഇതില്‍ കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. അതേ സമയം ജീവിത നിലവാരം അടയാളപ്പെടുത്തുന്ന സൂചികകളില്‍ രണ്ടാമത്തെ സംഘത്തിന് ഗണ്യമായ പ്രയോജനങ്ങള്‍ ഉപ്പ് കുറച്ചതിലൂടെ ലഭിച്ചതായി കണ്ടെത്തി. പരീക്ഷണം തുടങ്ങുന്നതിന് മുന്‍പ് ഈ രോഗികളെല്ലാം ശരാശരി 2217 മില്ലിഗ്രാം ഉപ്പ് ഒരു ദിവസം കഴിക്കുമായിരുന്നു. പരീക്ഷണം ആരംഭിച്ച ശേഷം ആദ്യ സംഘത്തില്‍പ്പെട്ടവര്‍ 2072 മില്ലിഗ്രാം വച്ചും രണ്ടാമത്തെ സംഘത്തില്‍പ്പെട്ടവര്‍ 1658 മില്ലിഗ്രാം വച്ചും പ്രതിദിനം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഭക്ഷണത്തിലെ ഉപ്പ് ഗണ്യമായി കുറയ്ക്കുന്നതിനായി യുകെയിലെ സാള്‍ട്ട് റിഡക്‌ഷന്‍ നയം ഭക്ഷ്യവ്യവസായം പിന്തുടരണമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് സംഘടനകള്‍ ആവശ്യപ്പെടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?