കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 2018. ഏറെ നാളുകൾക്ക് ശേഷം ജൂഡ് ആന്റണി ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയപ്പോഴത് പുതു ചരിത്രം കുറിക്കുക ആയിരുന്നു. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ആദ്യ ദിനം 2018 നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 1.85 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളും ബോക്സ് ഓഫീസ് ട്രാക്കേഴ്സും ട്വീറ്റ് ചെയ്യുന്നു. വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് തിയറ്ററുകളിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികച്ചൊരു വാന്ത്യം ജൂഡ് ആന്റണി ചിത്രത്തിന് ലഭിക്കുമെന്നും ഇവർ വിലയിരുത്തുന്നു. കുറഞ്ഞ പ്രമോഷനുകളും ഹൈപ്പുമാണ് 2018ന് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം 2023ൽ മലയാളത്തിൽ വേണ്ടുവോളം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച മറ്റൊരു ചിത്രമായി 2018 മാറി. സമീപ കാലത്തെ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ മുൻനിര താരങ്ങൾ അണിനിരന്ന ചിത്രം കൂടിയാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?