സ്പൈഡര്‍മാന്‍ സിനിമയ്ക്ക് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിരോധനം

  • 17/06/2023



റിയാദ്: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ, സൗദി അറേബ്യ അടക്കം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇറങ്ങാനിരുന്ന ഏറ്റവും പുതിയ സ്പൈഡര്‍മാന്‍ സിനിമ, സ്പൈഡര്‍മാന്‍ എക്രോസ് സ്പൈഡര്‍വേഴ്സ് നിരോധിച്ചു. ജൂണ്‍ 22നായിരുന്ന ചിത്രം റിലീസ് ചെയ്യാനിരുന്നത്. 2018 ല്‍ ഇറങ്ങിയ സ്പൈഡര്‍മാന്‍ ഇന്‍ ടു ദ സ്പൈഡര്‍വേഴ്സിന്‍റെ രണ്ടാംഭാഗമാണ് സ്പൈഡര്‍മാന്‍ എക്രോസ് സ്പൈഡര്‍വേഴ്സ്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജൂണ്‍ 1ന് ഈ ചിത്രം റിലീസ് ചെയ്തിരുന്നു. വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 417 ദശലക്ഷം യുഎസ് ഡോളര്‍ ചിത്രം ഇതുവരെ ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സെന്‍സര്‍ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിവരം. 

ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയുടെ കീഴിലുള്ള സൗദി സിനിമ പറയുന്നതനുസരിച്ച്, 'പ്രാബല്യത്തിലുള്ള ഉള്ളടക്ക നിയന്ത്രണങ്ങൾക്ക് വിരുദ്ധമായതിനാൽ' സ്‌പൈഡർമാൻ ഗൾഫ് മേഖലയുടെ ചില ഭാഗങ്ങളിൽ റിലീസ് ചെയ്യില്ലെന്നാണ് പറയുന്നത്.

നിരോധനത്തിന്റെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ട്രാന്‍സ് കമ്യൂണിറ്റിക്ക് അനുകൂലമായ ചില കാര്യങ്ങളാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഗ്വെന്റെ കഥാപാത്രം ട്രാൻസ്‌ജെൻഡറാണെന്ന തരത്തില്‍ നിരൂപണങ്ങള്‍ വന്നിരുന്നു. 

Related Articles