രാജ്യത്തെ മിക്ക കോവിഡ് മരണങ്ങൾക്കും കാരണം വൃക്ക സംബന്ധമായ അസുഖങ്ങള്‍

  • 04/08/2020

കുവൈറ്റ് സിറ്റി : രാജ്യത്തെ മിക്ക കോവിഡ് മരണങ്ങളും വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധ സമിതിയെ ഉദ്ധരിച്ച് അൽ സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു . ആരോഗ്യ മന്ത്രാലയം, ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട്, കുവൈറ്റ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും സംയുക്ത പഠനത്തിലാണ് പുതിയ വിവരം പുറത്ത് വന്നത്. ഇതുവരെയായി മരണപ്പെട്ട 308 പേരില്‍ 65 ശതമാനം ആളുകള്‍ക്കും ഉയർന്ന അളവിളുള്ള യൂറിയയും വൃക്കകളുടെ പ്രവർത്തനത്തില്‍ വന്ന ബുദ്ധിമുട്ടാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. അതോടപ്പം രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ അമിതപ്രതികരണം ഉളവാക്കിയാണ് കൊറോണ വൈറസ് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോവിഡ് 19ന് കാരണമാകുന്ന SARS-CoV2 ​​ന്‍റെ ഡീകോഡിങ്ങിനിടെയാണ് ഇത് കണ്ടെത്തിയത്. രാജ്യത്ത് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 24 നാണ്.

ഫെബ്രുവരി 24 മുതൽ മെയ് 24 വരെ ജാബർ അൽ അഹ്മദ് ആശുപത്രിയിൽ 417 രോഗികളിൽ നടത്തിയ പഠനത്തിൽ രാജ്യത്തെ 39.3 ശതമാനം കൊറോണ വൈറസ് കേസുകളും ലക്ഷണങ്ങളില്ലാതെയാണ് പിടിപ്പെട്ടത് . നാല് ഗ്രൂപ്പകളായാണ് രോഗികളില്‍ പഠനം നടത്തിയത്. ആദ്യ ഗ്രൂപ്പില്‍ രോഗലക്ഷണങ്ങളില്ലാതെ 39.3 ശതമാനവും രണ്ടാം ഗ്രൂപ്പില്‍ നേരിയ ലക്ഷണങ്ങളുള്ള 41 ശതമാനവും,മൂന്നാമത്തേ ഗ്രൂപ്പില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ച രോഗമുക്തി നേടിയ 5.3 ശതമാനം കോവിഡ് ബാധിതരും നാലാമത്തേ ഗ്രൂപ്പില്‍ തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ് മൂലം മരണപ്പെട്ട 14.4 ശതമാനം രോഗികളിലുമാണ് പഠനം നടത്തിയത്. ഐ.സി.യൂവില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ ശരാശരി പ്രായം 53 മുതൽ 61 വയസ്സ് വരെയാണെന്നും ഇവരില്‍ തന്നെ മിക്കവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതരില്‍ 40 ശതമാനം പ്രമേഹ രോഗികളും 46.7 ശതമാനം ഉയർന്ന രക്തസമ്മർദ്ദള്ളവരും 20.3 ശതമാനം ആസ്ത്മ അസുഖമുള്ളവരും 21.7 ശതമാനം ഹൃദയ രോഗങ്ങളുള്ളവരുമാണ്. കൊറോണ വൈറസിന്‍റെ ശരീരത്തിലെ ആക്രമണം ശ്വാസകോശം, ഹൃദയം, ആമാശയം, വൃക്ക, ജനനേന്ദ്രിയം എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും . വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ ശ്വാസകോശപ്രവർത്തനം പൂർണമായും നിലക്കുന്നതും മരണകാരണമാകുന്നന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ മരണകാരണം കണ്ടെത്തിയാൽ മരണനിരക്ക് കുറക്കാനാകുമെന്ന അഭിപ്രായവും വിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ പങ്കെവെച്ചു.

Related Articles