ആരോഗ്യകാര്യങ്ങളില്‍ ഏറെ ജാഗ്രത പാലിക്കുന്നവരെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നൊരു കാര്യമാണ് ഭക്ഷണം. എപ്പോഴും ബാലൻസ്ഡ് ആയ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഡയറ്റാണ് പൊതുവില്‍ ആരോഗ്യകരം എന്ന് നമുക്ക് വിശേഷിപ്പിക്കാനാവുക.ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറച്ചിയും മീനും മുട്ടയും പാലുമെല്ലാം ഇതിലുള്‍പ്പെടാം. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരാണെങ്കില്‍ അതത് പോഷകങ്ങള്‍ക്കായി അതത് വിഭവങ്ങള്‍ തെരഞ്ഞെടുക്കാം. എന്തായാലും ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും നല്ലരീതിയില്‍ പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് നിര്‍ദേശം എല്ലാ ഭാഗങ്ങളില്‍ നിന്നും നിങ്ങള്‍ കേള്‍ക്കാം. എന്നാല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് കൂടിയാല്‍ അത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ? ഇങ്ങനെയൊരു ചിന്ത ഒരുപക്ഷേ പലരുടെയും മനസില്‍ ഇതുവരെ വന്നിട്ടുണ്ടാകില്ല. പച്ചക്കറികളും പഴങ്ങളുമല്ലേ അത് കഴിക്കുന്നത് കൂടിയാലും എന്ത് പ്രശ്നം വരാനാണെന്നേ അധികപേരും ചിന്തിക്കൂ. എന്നാലങ്ങനെയല്ല കാര്യങ്ങള്‍. നമുക്ക് ആവശ്യത്തിന് ഫൈബര്‍ ഉറപ്പുവരുത്തുന്നതിനാണ് പ്രധാനമായും പച്ചക്കറികളും പഴങ്ങളുമെല്ലാം നിര്‍ബന്ധമാക്കണമെന്ന് പറയുന്നതിന് പിന്നിലെ ഒരു കാരണം. മറ്റ് വൈറ്റമിനുകളും ധാതുക്കളുമെല്ലാം അവശ്യം വേണ്ടത് തന്നെ. എങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അതില്‍ നിന്നെല്ലാം രക്ഷ നേടാനായി കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്താൻ നിര്‍ദേശിക്കുന്നത് ഫൈബറിന് വേണ്ടിയാണ്.ഫൈബര്‍ രണ്ട് വിധത്തിലാണുള്ളത്. ഒന്ന് വെള്ളത്തില്‍ അലിയുന്നതും, രണ്ട്- വെള്ളത്തില്‍ അലിയാത്തതും. ഇവ രണ്ടും ബാലൻസ്ഡ് ആകുമ്പോഴാണ് ദഹനം നടന്ന് മലവിസര്‍ജ്ജനം വൃത്തിയായി ചെയ്യാനാകുന്നത്.പക്ഷേ ഫൈബര്‍ അമിതമാകുമ്പോള്‍ മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ അതും പ്രശ്നമാണ് സൃഷ്ടിക്കുക. പ്രത്യേകിച്ച് മലബന്ധത്തിന് തന്നെയാണ് കാരണമാവുക. അതും ചിലര്‍ പെട്ടെന്ന് കഴിക്കുന്ന ഫൈബറിന്‍റെ അളവ് കൂട്ടും. അങ്ങനെയുള്ളവരില്‍ ശരീരം അതുമായി പൊരുത്തപ്പെടാനുള്ള സമയം ലഭിക്കില്ല. അധികവും ഇങ്ങനെയാണ് ഫൈബര്‍ അമിതമാകുന്നത് മലബന്ധത്തിന് കാരണമായി വരുന്നത്. ഫൈബര്‍ അധികമാകുന്നത് കുടല്‍ഭിത്തിയെയും ബാധിക്കാം. ഇത് വയറിന്‍റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കാം. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം എല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ്. എന്തായാലും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പച്ചക്കറികളായാലും പഴങ്ങളായാലും ബാലൻസ്ഡ് ആയി ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കുക. അതുപോലെ തന്നെ ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ശരീരത്തിന് അതുമായി പൊരുത്തപ്പെടാനുള്ള സമയവും നല്‍കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?