കുവൈത്തിലെ ജനസംഖ്യയിൽ വൻ വർദ്ധനവ്: 2025ന്‍റെ ആദ്യ 9 മാസങ്ങളിൽ 3.6% വർദ്ധിച്ച് 5.169 മില്യൺ ആയി

  • 26/11/2025



കുവൈത്ത് സിറ്റി: 2025-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിലെ ജനസംഖ്യയിൽ 3.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ. 1,81,000 പേരുടെ വർദ്ധനവോടെ, ഈ വർഷം മൂന്നാം പാദാവസാനം (സെപ്റ്റംബർ 2025) മൊത്തം ജനസംഖ്യ 5.169 മില്യൺ ആയി ഉയർന്നു. 2021-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട പാദവാർഷിക ഡാറ്റ പ്രകാരം, 2025-ൻ്റെ മൂന്നാം പാദാവസാനം കുവൈത്തിലെ ജനസംഖ്യയുടെ വാർഷിക വളർച്ചാ നിരക്ക് ഏകദേശം 4.44 ശതമാനമാണ്. 

2024 സെപ്റ്റംബറിലെ 4.946 മില്യൺ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ 2,23,000 പേരുടെ വർദ്ധനവാണിത്. ജനസംഖ്യ രണ്ടാം പാദത്തിലെ 5.099 മില്യൺ എന്ന കണക്കിൽ നിന്ന് 1.37 ശതമാനം പാദവാർഷിക വളർച്ച രേഖപ്പെടുത്തി. ഇത് ഏകദേശം 70,000 താമസക്കാരുടെ വർദ്ധനവ് സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലെ വളർച്ച പരിശോധിക്കുമ്പോൾ, 2022-ൽ 2.3 ശതമാനവും, 2023-ൽ 2.59 ശതമാനവും, 2024-ൽ 2.6 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട് 2021 മുതൽ കുവൈത്തിലെ ജനസംഖ്യാ വളർച്ച താരതമ്യേന സ്ഥിരതയുള്ളതായിരുന്നു.

Related News