കുവൈത്തിൽ കാലാവസ്ഥാ മാറ്റം വരുന്നു; ഡിസംബർ 10-ന് മുമ്പ് മഴയ്ക്ക് സാധ്യത

  • 25/11/2025



കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ കുവൈത്തിൽ ക്രമേണ കാലാവസ്ഥാ മാറ്റങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പ്രവചിച്ചു. തിങ്കളാഴ്ച ദിവസം വരെ സ്ഥിരതയുള്ള കാലാവസ്ഥ തുടരും. അതിനുശേഷം മേഘങ്ങൾ വർധിക്കാനും മഴയ്ക്കുള്ള സാധ്യതകൾ പ്രത്യക്ഷപ്പെടാനും തുടങ്ങും.

നിലവിൽ രാജ്യത്ത് നേരിയ വടക്ക്-പടിഞ്ഞാറൻ കാറ്റാണ് വീശുന്നത്, അത് ക്രമേണ ശാന്തമാകും. മറ്റന്നാൾ (ചൊവ്വാഴ്ച) കാറ്റ് മാറുമെന്നും, ഇത് മേഘങ്ങൾ വർധിക്കാൻ കാരണമാകുമെന്നും റമദാൻ 'എക്‌സ്' പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ വിശദീകരിച്ചു. ആഴ്ചാവസാനം വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

മികച്ച കാലാവസ്ഥാ സൂചനകളുടെയും മേഖലയിലേക്ക് മഴമേഘങ്ങൾ എത്താനുള്ള സാധ്യതകളുടെയും പശ്ചാത്തലത്തിൽ, ഡിസംബർ 10-ന് മുമ്പ് കുവൈത്തിൽ സാധാരണയായി ലഭിക്കുന്ന ശീതകാല മഴയ്ക്ക് സാധ്യത വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News