സിറ്റികൾക്കും റോഡുകൾക്കും പേരിടുന്നതിൽ പുതിയ നിയമങ്ങൾ; വ്യക്തികളുടെ പേര് ഒഴിവാക്കും

  • 25/08/2025



കുവൈത്ത് സിറ്റി: രാജ്യത്തെ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, റോഡുകൾ, തെരുവുകൾ, സ്‌ക്വയറുകൾ എന്നിവക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല പ്രമേയം പുറത്തിറക്കി. നഗരങ്ങൾക്ക് അമീറിന്റെയോ കിരീടാവകാശിയുടെയോ പേര് മാത്രമേ നൽകാവൂ എന്നും റോഡുകൾക്കും തെരുവുകൾക്കും വ്യക്തികളുടെ പേര് നൽകുന്നത് ഒഴിവാക്കി നമ്പർ നൽകുന്നത് പരിഗണിക്കണമെന്നും പുതിയ നിയമം നിർദ്ദേശിക്കുന്നു.
ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് ടുഡേ'യിൽ ഇന്നലെയാണ് (ഞായറാഴ്ച) 2023-ലെ 507-ാം പ്രമേയത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2025-ലെ 490-ാം നമ്പർ പ്രമേയം പ്രസിദ്ധീകരിച്ചത്. പുതിയ പ്രമേയമനുസരിച്ച് 507-ാം പ്രമേയത്തിലെ ആർട്ടിക്കിൾ 4-നും 5-നും മാറ്റം വരുത്തി.

കുവൈത്ത് സ്റ്റേറ്റ് അമീർ അല്ലെങ്കിൽ കിരീടാവകാശി പദവി വഹിച്ചവർക്ക് മാത്രമേ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ എന്നിവയ്ക്ക് പേര് നൽകാൻ അനുവാദമുള്ളൂ. റോഡുകൾ, തെരുവുകൾ, സ്‌ക്വയറുകൾ എന്നിവക്ക് കുവൈത്തിലെ ഭരണാധികാരികൾ, രാജാക്കന്മാർ, സുൽത്താന്മാർ, ഗവർണർമാർ, മറ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാർ, ചരിത്ര പുരുഷന്മാർ, ഭരണകുടുംബത്തിലെ ശൈഖുകൾ എന്നിവരുടെ പേര് നൽകാം. രാജ്യങ്ങൾ, നഗരങ്ങൾ, തലസ്ഥാനങ്ങൾ എന്നിവയുടെ പേര് നൽകുന്നതും പരിഗണിക്കാവുന്നതാണ്. വ്യക്തികളുടെ പേരുകളില്ലാത്ത ചില റോഡുകൾ, തെരുവുകൾ, സ്‌ക്വയറുകൾ എന്നിവയുടെ പേരുകൾ നിലനിർത്താവുന്നതാണ്.

Related News