കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാത്തരം ഭക്ഷ്യവസ്തുക്കൾക്കും പരമാവധി വില നിശ്ചയിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം. 2026 ഫെബ്രുവരി 28-ന് മുൻപ് വിപണിയിലുണ്ടായിരുന്ന വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.
നിലവിലുള്ള നിരക്കിൽ മാറ്റം വരുത്തണമെങ്കിൽ വാണിജ്യ മന്ത്രിയുടെ പ്രത്യേക അനുമതി പത്രം നിർബന്ധമാണ്. ഉത്തരവ് ലംഘിച്ച് വില വർദ്ധിപ്പിക്കുന്നവർക്കെതിരെ 1979-ലെ പത്താം നമ്പർ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും. വിപണിയിലെ അനാവശ്യമായ വിലക്കയറ്റം തടയുന്നതിനും ജനങ്ങളുടെ വാങ്ങൽ ശേഷി സംരക്ഷിക്കുന്നതിനുമായാണ് സർക്കാർ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വിപണിയിൽ കൃത്യമായ പരിശോധനകൾ നടത്തി വിലനിലവാരം സുസ്ഥിരമാണെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ആഗോളതലത്തിൽ വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കുവൈത്ത് സർക്കാരിന്റെ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാകും.


