കുവൈത്ത് സിറ്റി: അൽ-ജഹ്റ ഗവർണറേറ്റിലെ അൽ-മുത്‍ലയിൽ സുരക്ഷാ പരിശോധനയ്ക്കിടെ നജ്ദ് പോലീസ് പട്രോളിംഗ് സംഘത്തെ വെട്ടിച്ച് അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 1997-ൽ ജനിച്ച കുവൈത്ത് സ്വദേശിയെ പോലീസ് പിടികൂടി. മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ അമിതവേഗതയിൽ പായുകയായിരുന്നു.
പോലീസ് പിന്തുടർന്ന് വാഹനം തടഞ്ഞതോടെ പ്രതി കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തന്ത്രപരമായി കീഴടക്കുകയായിരുന്നു. സംഭവത്തിനിടെ വാഹനത്തിലുണ്ടായിരുന്ന കുവൈത്തി യുവതി പുറത്തിറങ്ങി, താൻ ഡ്രൈവറാൽ തട്ടിക്കൊണ്ടുപോകലിന് ഇരയായതാണെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



