കുവൈത്ത് സിറ്റി, ജൂലൈ 17: ഇന്ന് പുലർച്ചെ മുതൽ കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന കണ്ടെത്തി വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ഇറാന്റെ ആക്രമണത്തിൽ കുവൈത്ത് സൈന്യത്തിന്റെ നിരവധി ക്യാമ്പുകളും സൈനിക കേന്ദ്രങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതിനെ തുടർന്ന് കുവൈത്ത് ലാൻഡ് ഫോഴ്സിലെ നിരവധി സൈനികർക്ക് ഡ്യൂട്ടിക്കിടെ പരിക്കേറ്റു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഒരു വൈദ്യുത നിലയവും ജലശുദ്ധീകരണ (ഡിസ്റ്റിലേഷൻ) പ്ലാന്റും ഉൾപ്പെടെ നിരവധി സുപ്രധാന സിവിലിയൻ കേന്ദ്രങ്ങൾ ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടു. ഇതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയും വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഭൗതിക നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധസേന എല്ലാ സുരക്ഷാ സംവിധാനങ്ങളുമായും ഏകോപനം നടത്തി ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും പ്രവർത്തനം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



