കുവൈറ്റ് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (MCA-Kuwait) കുട്ടികൾക്കായി സംഘടിപ്പിച്ച വിജ്ഞാനയാത്രയായ ‘കൗതുക യാത്ര’യുടെ ഭാഗമായി കുവൈറ്റിലെ പ്രമുഖ ഐസ്‌ക്രീം നിർമ്മാതാക്കളായ KDCOW ഐസ്‌ക്രീം ഫാക്ടറി സന്ദർശിച്ചു.MCA-Kuwait-ന്റെ അബ്ബാസിയ, അഹമ്മദി, സൽമിയ, സിറ്റി എന്നീ നാല് റീജിയണുകളിൽ നിന്നായി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 80-ലധികം കുട്ടികൾ യാത്രയിൽ പങ്കെടുത്തു. ഐസ്‌ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടുമനസ്സിലാക്കാനും ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയാനും കുട്ടികൾക്ക് സന്ദർശനം മികച്ച അവസരമായി.
പ്രോഗ്രാം കൺവീനർ ശ്രീ. സുനിൽ ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ MCA-Kuwait പ്രസിഡന്റ് ശ്രീ. എബി പാലമൂട്ടിൽ, വൈസ് പ്രസിഡന്റ് ശ്രീമതി ഷീലു ഷാജി, ഗവേണിംഗ് ബോഡി അംഗം ശ്രീ. ജോജി വെള്ളപ്പള്ളിൽ, കമ്മിറ്റി അംഗങ്ങളായ ശ്രീ. അജി ഫിലിപ്പ്, ശ്രീമതി ബിന്ദു മനോജ്, ശ്രീ. അനീഷ് കെ. സൈമൺ, ശ്രീമതി ശാന്തി ബിജു എന്നിവർ പങ്കെടുത്തു.
കുട്ടികളിൽ വിജ്ഞാനവും അന്വേഷണത്വരയും വളർത്തുന്നതിനും പഠനത്തെ കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് MCA-Kuwait ‘കൗതുക യാത്ര’ സംഘടിപ്പിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം നേരിട്ടുള്ള അനുഭവങ്ങളിലൂടെ അറിവ് നേടാൻ അവസരമൊരുക്കിയ ഈ സന്ദർശനം കുട്ടികൾക്ക് പുതിയ കാഴ്ചപ്പാടുകളും ഓർമ്മകളും സമ്മാനിച്ചു.കുട്ടികളുടെ സമഗ്രമായ വ്യക്തിത്വവികസനത്തിനും വിജ്ഞാനപരമായ വളർച്ചയ്ക്കും സഹായകമായ ഇത്തരം വ്യത്യസ്തമായ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് MCA-Kuwait അറിയിച്ചു.



