കുവൈത്ത്സി റ്റി : ഇസ്ലാമിൽ യാത്രയെന്നത് വെറുമൊരു വിനോദം മാത്രമല്ലെന്നും മറിച്ച് അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വൈവിധ്യങ്ങൾ അടുത്തറിയാനും അറിവ് നേടാനും വിശ്വാസം ശക്തിപ്പെടുത്താനുമുള്ള ഉപാധിയാണെന്ന് എൻജി. സൈദ് മുഹമ്മദ് റഫീഖ് സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) മഹ്ബൂല യൂണിറ്റ് സംഘടിപ്പിച്ച ഫാമിലി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിലൂടെ സഞ്ചരിക്കാനും മുൻകാല ജനങ്ങളുടെ ചരിത്രവും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും പര്യവേക്ഷണം ചെയ്യാനും ഖുർആൻ ആവർത്തിച്ച് പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
22 ദിവസം കൊണ്ട് 20 രാജ്യങ്ങൾ കരമാർഗം സഞ്ചരിച്ച അൽത്താഫ് ഹസ്സനെയും റബ്ശിദ് ഹസ്സനെയും മഹ്ബൂല യൂണിറ്റ് ആദരിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി, സിദ്ദീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ, ഷാനിബ് പേരാമ്പ്ര, അബ്ദുറഹ്മാൻ, ആമിർ മാത്തൂർ എന്നിവർ സംബന്ധിച്ചു.സഞ്ചാരികൾ തങ്ങളുടെ യാത്രാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചത് വേറിട്ട അനുഭവമായി. ഇർശാദ്, ബിൻസീർ, അബ്ദുല്ല, ഫഹീം ഉമ്മർ കുട്ടി, അബ്ദുസ്സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



