HomeGULF‘അദ്ദേഹമായിരുന്നു എന്റെ ഹൃദയവും ജീവിതവും’; കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അന്റോണിയോയുടെ ഓർമകളിൽ ഭാര്യ സിമോണ.

‘അദ്ദേഹമായിരുന്നു എന്റെ ഹൃദയവും ജീവിതവും’; കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അന്റോണിയോയുടെ ഓർമകളിൽ ഭാര്യ സിമോണ.

spot_img

കുവൈത്ത് സിറ്റി: “അദ്ദേഹമായിരുന്നു എന്റെ ഹൃദയവും ആത്മാവും ജീവിതവും. അദ്ദേഹത്തിന്റെ വേർപാടോടെ എന്റെ ഹൃദയവും എന്നിലെ വലിയൊരു ഭാഗവും നഷ്ടമായി.” കുവൈത്തിലെ സുപ്രധാന കേന്ദ്രത്തിന് നേരെ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരൻ അന്റോണിയോ സാക്കോച്ചിയോയുടെ ഭാര്യ സിമോണയുടെ വാക്കുകളാണിത്.

കുവൈത്തിൽവെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും വിവാഹിതരായതും. ഡിസംബർ 12ന് എട്ടാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദമ്പതികൾ. എന്നാൽ അപ്രതീക്ഷിതമായ ദുരന്തം ആ സ്വപ്നം തകർത്തു.

അവസാനമായി പറഞ്ഞത് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’:

ജോലിത്തിരക്ക് കാരണം അടുത്ത ദിവസങ്ങളിൽ ഒരുമിച്ച് ചെലവഴിക്കാൻ അധികം സമയം ലഭിച്ചിരുന്നില്ലെന്ന് സിമോണ പറഞ്ഞു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച ഇരുവരും ഒരുമിച്ച് ഷോപ്പിങ്ങിന് പോകുകയും സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിക്കുകയും ചെയ്തിരുന്നു.

പിറ്റേന്ന് രാവിലെ ജോലിക്ക് പോയ അന്റോണിയോ ഉച്ചയ്ക്ക് 12.25ന് ഭാര്യയെ ഫോണിൽ വിളിച്ചു. ജോലിസ്ഥലത്ത് ചില കാര്യങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. ഭർത്താവിൽനിന്ന് അവസാനമായി കേട്ട വാക്കുകളും അതായിരുന്നുവെന്ന് സിമോണ ഓർത്തെടുത്തു.

കുവൈത്തിനോടും പ്രതിരോധ മന്ത്രാലയത്തോടും നന്ദി:

2000 മുതൽ കുവൈത്തിൽ താമസിക്കുന്ന സിമോണ, താനും ഭർത്താവും കുവൈത്തിനെ ഏറെ സ്നേഹിച്ചിരുന്നുവെന്നും ഇവിടെ സമാധാനവും ജീവിതസ്ഥിരതയും കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞു.

ദുഃഖകരമായ സാഹചര്യത്തിൽ തനിക്ക് പിന്തുണയും ആശ്വാസവും നൽകിയ കുവൈത്ത് പ്രതിരോധ മന്ത്രാലയത്തോടും സൈനിക മേധാവികളോടും സൈനിക ഉദ്യോഗസ്ഥരോടും അവർ നന്ദി അറിയിച്ചു.

നിരവധി സൈനിക ഉദ്യോഗസ്ഥർ നേരിട്ടെത്തി അനുശോചനം അറിയിച്ചിരുന്നു. ഭർത്താവിനെ സഹപ്രവർത്തകർ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്ന് അവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും സിമോണ പറഞ്ഞു.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയും സിമോണയെ ഫോണിൽ വിളിച്ച് സർക്കാരിന്റെ അനുശോചനം അറിയിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അന്റോണിയോയുടെ മൃതദേഹം ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇറ്റലിയിൽനിന്ന് കുവൈത്തിലെത്തി സിമോണയെ അനുഗമിക്കും.

കുവൈത്തിന്റെ പ്രതിരോധ മേഖലയ്ക്കായി 20 വർഷത്തിലേറെ സേവനം:

അന്റോണിയോയുടെ മരണം ഇറ്റലിക്കും കുവൈത്തിനും ഒരുപോലെ വലിയ നഷ്ടമാണെന്ന് കുവൈത്തിലെ മുൻ ഇറ്റാലിയൻ സൈനിക അറ്റാഷെ സാൽവഡോർ ഫെരേര പറഞ്ഞു.

20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവർത്തിച്ചിരുന്ന അന്റോണിയോ രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സാങ്കേതിക സേവനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ജോലിയോടുള്ള ആത്മാർഥതയും അർപ്പണബോധവും സഹപ്രവർത്തകരോടുള്ള സ്നേഹപൂർവമായ പെരുമാറ്റവും അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കിയിരുന്നു.

ഇറ്റലിക്ക് മികച്ചൊരു പ്രൊഫഷണലിനെയും കുവൈത്തിന് പ്രിയപ്പെട്ടൊരു സുഹൃത്തിനെയും സഹോദരനെയുമാണ് നഷ്ടമായതെന്ന് ഫെരേര അനുസ്മരിച്ചു.

കുവൈത്തിൽ വർഷങ്ങളോളം ജീവിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത തന്റെ ഭർത്താവിന്റെ ജീവിതവും സംഭാവനകളും എല്ലാവരും അറിയണമെന്നാണ് ആഗ്രഹമെന്നും സിമോണ പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!