ക്യാപ്റ്റൻ ടോം മൂറിന് ആദരവുമായി ഇംഗ്ലണ്ട് താരങ്ങൾ

  • 05/02/2021


ചെന്നൈ: ക്യാപ്റ്റൻ ടോം മൂറിന് ആദരവുമായി ഇംഗ്ലണ്ട് താരങ്ങൾ. ഇന്ന് ദേശീയ ഗാനത്തിനായി താരങ്ങൾ എത്തിയത് കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോഴും ഇംഗ്ലണ്ട് താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചിരുന്നു. ഇംഗ്ലണ്ടിൻറെ കൊറോണ പോരാട്ടങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് ക്യാപ്റ്റൻ മൂറിൻറേത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിൻറെ ഭാഗമായി ഇന്ത്യയിലും മ്യാൻമറിലും സേവനം അനുഷ്ഠിച്ച ടോം മൂർ അതിനുമപ്പുറം വിശേഷണങ്ങൾക്ക് അർഹനാണ്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിൽ ബ്രിട്ടൻ ആശങ്കയോടെ നിന്ന നിമിഷം. കൊറോണ പോരാട്ടങ്ങൾക്ക് പണം വേണം. 99കാരനായ ക്യാപ്റ്റൻ മൂർ ശാരീരിക അവശതകളെ മറികടന്ന് അതിനായി ഇറങ്ങി.

വീടിന് മുന്നിലെ ഉദ്യാനത്തിന് ചുറ്റും സ്റ്റീൽ ഫ്രയിമിലൂന്നി നൂറു റൗണ്ട് നടക്കാനായിരുന്നു തീരുമാനം. 1000 പൗണ്ട് സമ്പാദിച്ച് കൊറോണ പോരാട്ടത്തിന് സംഭാവന നൽകുകയെന്ന ലക്ഷ്യത്തോടെ. ക്യാപ്റ്റൻ മൂറിൻറെ നടപ്പ് ലോകമെങ്ങും ശ്രദ്ധിച്ചു. ഒടുവിൽ പിരിഞ്ഞുകിട്ടിയതാകട്ടെ അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത 38 മില്യൻ പൗണ്ട്.

ലോകമെങ്ങും കോറോണയ്ക്കേതിരായ പോരാട്ടത്തിൻറെ മുഖമായി ടോം മൂർ, ആരോഗ്യപ്രവർത്തകരുടെ ആവേശമായി. നൂറാം പിറന്നാൾ രാജ്യമെങ്ങും ഒന്നുചേർന്ന് ആഘോഷിച്ചു. ക്യാപ്റ്റൻ മൂറിന് സർ പദവി നൽകി രാജ്യത്തിൻറെ ആദരവും.

ഒടുവിൽ ആ പോരാളിയേയും കൊറോണ പിടികൂടി. കഴി‌ഞ്ഞ ഏതാനം ദിവസങ്ങളായി ന്യുമോണിയ മൂർച്ഛിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ക്യാപ്റ്റൻ മൂറിൻറെ മരണം. ക്യാപ്റ്റൻ മൂറിൻറെ നല്ല മനസിന് ആദരമേകി ഇന്ന് ഇംഗ്ലണ്ട് ടീമും.

Related Articles