എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

  • 24/07/2023



റിയാദ്: പിഎസ്ജിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. വാര്‍ഷിക പ്രതിഫലമായി 200 ദശലക്ഷം യൂറോയാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരുവര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള അനുമതിയും ഉള്‍പ്പെടുന്നതാണ് അല്‍ ഹിലാല്‍ നല്‍കിയിക്കുന്ന ഓഫര്‍. 2024വരെയാണ് എംബാപ്പേയ്ക്ക് പിഎസ്ജിയുമായി കരാര്‍ ഉള്ളത്.

കരാര്‍ പുതുക്കാതെ ക്ലബില്‍ തുടരാന്‍ കഴിയില്ലെന്നാണ് പിഎസ്ജിയുടെ നിലപാട്. കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഫ്രഞ്ച് താരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിഎസ്ജി ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് സൗദി ക്ലബ് എംബാപ്പേയ്ക്ക് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയാണ് എംബാപ്പേയുടെ ലക്ഷ്യം. 

പത്ത് വര്‍ഷത്തെ കരാറില്‍ 100 കോടി യൂറോയായിരുന്നു പിഎസ്ജി മുന്നോട്ടുവച്ച പ്രതിഫലം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ പറയാം. ഓഫര്‍ നിരസിച്ചതോടെ, താരത്തെ ഈ സീസണില്‍ തന്നെ ഒഴിവാക്കിയേക്കും. ആദ്യപടിയെന്നോണമെന്നാണ് താരത്തെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്നൊഴിവാക്കിയത്.

എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി റയല്‍ മാഡ്രിഡിലേക്ക് പോവാനാണ് താല്‍പര്യം. ഈ നീക്കം പിഎസ്ജി തകര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ 2024 വരെ എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ കളിക്കാം. ഒരു വര്‍ഷം തുടര്‍ന്നാല്‍ എംബാപ്പെയ്ക്ക് അടുത്ത സീസണില്‍ ഫ്രീ ഏജന്റായിതന്നെ മറ്റൊരു ക്ലബിലേക്ക് ഫ്രഞ്ച് താരത്തിന് പോവാം. പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാം, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ ക്ലബുകളും എംബാപ്പേയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകളാണ്.

Related Articles